വിവാദങ്ങളും അബദ്ധങ്ങളും കൊണ്ട് മലയാളി പ്രേക്ഷകന്റെ കണ്ണിലുണ്ണിയായി തീര്‍ന്ന പൃഥ്വിരാജ് കമല്‍ഹാസനാകുന്നു. ഞെട്ടണ്ട… 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ സിനിമാബോക്‌സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് സകല കളക്ഷന്‍ റിക്കോര്‍ഡുകളും ഭേദിച്ച ഏക് ദുജേ കേലിയേ ഓര്‍മ്മയില്ലേ? കമല്‍ഹാസനും രതി അഗ്നിഹോത്രിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തിനു സമാനമായ ഒരു കഥയുമായാണ് മലയാളത്തിലെ യങ്ങ് സൂപ്പര്‍സ്റ്റാറിന്റെ ബോളീവുഡ്ഡ് പ്രവേശം. അയ്യാ എന്നാണീ ചിത്രത്തിന്റെ പേര്.
ഏക് ദുജേ കേലിയേ പോലെ തന്നെ തമിഴ് സംസാരിക്കുന്ന യുവാവും മറാത്തിയും ഹിന്ദിയും കലര്‍ത്തി സംസാരിക്കുന്ന മഹാരാഷ്ട്രക്കാരി നായികയുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍.വടക്കും തെക്കും തമ്മിലുള്ള പ്രണയകഥ പറയുന്ന അയ്യയില്‍ പൃഥ്വിയുടെ ജോഡിയാകുന്നത് സാക്ഷാല്‍ റാണി മുഖര്‍ജിയാണ്. ഒട്ടേറെ ഹിറ്റുകള്‍ ബോളീവുഡ്ഡിനു സമ്മാനിച്ച അനുരാഗ് കാശ്യപിന്റേതാണു തിരക്കഥ. നിര്‍മ്മാതാവും അദ്ദേഹം തന്നെ. ചില്ലറ ഇന്റ്രൊഡക്ഷനല്ല മലയാളസിനിമയുടെ അംബാസ്സിഡറാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പൃഥ്വിയ്ക്കു കിട്ടിയിരിക്കുന്നതെന്നു മനസ്സിലായില്ലേ…? നവാഗതനായ സച്ചിന്‍ കുന്ദോല്‍ക്കറാണ് സംവിധായകന്‍. അമിത് ത്രിവേദി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഈ മാസം തന്നെ അയ്യായുടെ ചിത്രീകരണം ആരംഭിക്കും.
എണ്‍പതുകളുടെ ആദ്യം റിലീസ് ചെയ്ത ഏക് ദുജേ കേലിയേ കമലിന് ഹിന്ദിയില്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ജനപ്രീതി നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തെന്നിന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടിവന്ന കമലിന് ഇന്നും ഹിന്ദിയില്‍ എത്തു പറയാന്‍ ആ ചിത്രം മാത്രമേ ഉള്ളു. എന്നാല്‍ ഇന്ന് തെന്നിന്ത്യക്കാരോടുള്ള ഉത്തരേന്ത്യക്കാരുടെ മനോഭാവത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രിയദര്‍ശനു പിന്നാലേ ബോളീവുഡ്ഡിലെ എക്കാലത്തേയും വലിയ ഹിറ്റുമായി സിദ്ദിക്കും ഹിന്ദി സിനിമാവേദി കീഴടക്കിയത് പൃഥ്വിയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു കാണണം.
ബോളീവുഡ്ഡിലെ സങ്കേതിക വിഭാഗത്തില്‍ രാജീവ്‌രവി, അമല്‍നീരദ്, രവി.കെ.ചന്ദ്രന്‍, റസൂല്‍പൂക്കുട്ടി തുടങ്ങി മലയാളി സാന്നിധ്യം ഒരുപാടുണ്ടെങ്കിലും, മലയാളി നായിക അസിന്‍ അവിടുത്തെ പൊന്നും വിലയുള്ള താരമാണെങ്കിലും ഹിന്ദിസിനിമയ്ക്ക് ഒരു മലയാളി സൂപ്പര്‍ സ്റ്റാര്‍ എന്ന സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. അതിനാല്‍ പൃഥ്വിയുടെ അരങ്ങേറ്റത്തെ വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല