സ്വന്തം ലേഖകൻ: ജോർദാനിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും ക്വാറന്റിൻ കേന്ദ്രത്തിലേയ്ക്ക് മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയത്. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ തുടരും.
വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പൃഥ്വിയും സംഘവും രാവിലെ 8.59 ന് നെടുമ്പാശേരിയില്‍ എത്തി. എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍: 1902–ൽ ആയിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു കൊച്ചിയിലേയ്ക്കുള്ള യാത്ര.
ജോർദാനിൽ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇവയിൽ പൃഥ്വിരാജും സംഘവും ഉൾപ്പെടുന്നതായും അവർ നാട്ടിലേക്ക് തിരിച്ചതായും ജോർദാനിലെ ഇന്ത്യൻ എംബസി അറിയിക്കുകയും ചെയ്തിരുന്നു. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത്. ആടുജീവിതം സിനിമയുടെ 58 അംഗ സംഘവും ഇതിലുൾപ്പെടുന്നു.
രണ്ടു മാസത്തിലേറെയായി ജോർദാനിലയിരുന്നു പൃഥ്വിയും സംഘവും. വലിയ കാന്‍വാസിലുള്ള ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു.
മാർച്ച് പതിനാറിനാണ് ജോർദാനിൽ ഷൂട്ട് തുടങ്ങുന്നത്. എന്നാൽ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു. നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചിരുന്നു.
മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ജോര്‍ദാനിലെ വാദിറാമില്‍ ഇപ്പോൾ പൂര്‍ത്തിയായിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം സിനിമകളെല്ലാം ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു. ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കോവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങുന്നതും. 58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല