‘ഡോക്ടര്‍ ലവ്’ എന്ന ചിത്രം ഓണം റിലീസുകളില്‍ നമ്പര്‍ വണ്‍ ആയി മുന്നേറുകയാണ്. നവാഗത സംവിധായകനായ കെ ബിജു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോബോബന്‍ ആണ്. എന്നാല്‍ ബിജു ആദ്യം ഈ ചിത്രം പ്ലാന്‍ ചെയ്തത് ഒരു ‘പൃഥ്വിരാജ് പ്രൊജക്ട്’ എന്ന നിലയിലാണ്.
“ഡോക്ടര്‍ ലവിലെ ആദ്യ നായകന്‍ പൃഥ്വിരാജായിരുന്നു. സ്ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം എല്ലാ ഒരുക്കങ്ങളും നടന്നതാണ്. ആ സമയത്താണ് പൃഥ്വി ഈ പ്രൊജക്ടില്‍ നിന്നും പിന്‍മാറിയത്. താരം മാറിയാല്‍ നിര്‍മ്മാതാവും പിന്‍മാറും. എന്തു ചെയ്യണമെന്നറിയാതെ മൂന്നുവര്‍ഷം ഞാന്‍ ഇരുട്ടില്‍ തപ്പി. ഒരാള്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത് എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഇത് തുറന്നുപറയുന്നത്” – കെ ബിജു ഒരു പ്രമുഖ ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
സിനിമാലോകത്ത് പരിചയമില്ലാത്ത ആളല്ല കെ ബിജു. കഴിഞ്ഞ 15 വര്‍ഷമായി മലയാള സിനിമയിലെ തിരക്കുള്ള അസോസിയേറ്റ് ഡയറക്ടറായിരുന്നു ബിജു. എന്നാല്‍ ഡോക്ടര്‍ ലവില്‍ നിന്നു പൃഥ്വി പിന്‍മാറിയ ശേഷം അസോസിയേറ്റ് ഡയറക്ടറായി പോലും ജോലി ചെയ്യാനാവാത്ത അവസ്ഥയാണ് ഉണ്ടായതെന്ന് ബിജു പറയുന്നു.
“കങ്കാരു എന്ന സിനിമയുടെ അസോസിയേറ്റായിരുന്നു ഞാന്‍. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഡോക്ടര്‍ ലവിന്‍റെ കഥ ഞാന്‍ പൃഥ്വിയോട് പറയുന്നത്. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എനിക്ക് സ്വന്തമായി എഴുതാനുള്ള ധൈര്യവും പൃഥ്വിയാണ് നല്‍കിയത്. തിരക്കഥയുടെ ആദ്യപകുതി വായിച്ച് ഇഷ്ടപ്പെടുകയും ചെയ്തു. തന്‍റെ അടുത്ത സിനിമ ഡോക്ടര്‍ ലവ് ആയിരിക്കുമെന്ന് പൃഥ്വി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തിരക്കഥയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ പൃഥ്വിക്ക് ഉണ്ടായി. ഒടുവില്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയും ചെയ്തു” – കെ ബിജു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല