രജനികാന്തിനെ നായകനാക്കി മകള്‍ സൗന്ദര്യ ഒരുക്കുന്ന കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജിന് ക്ഷണം ലഭിച്ചതായി സൂചന. രണ്ടുമാസത്തനകം ചിത്രീകരണം ആരംഭിക്കുന്ന കൊച്ചടിയാന്‍ ത്രീഡി സാങ്കേതികവിദ്യയിലാണ് ഒരുക്കുക.
പൃഥ്വിരാജിനെ അഭിനയിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നത് സംവിധായിക കൂടിയായ സൗന്ദര്യയാണ്. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പശ്‌ചാത്തലത്തില്‍ പൃഥ്വിരാജിനെ അഭിനയിപ്പിക്കാന്‍ രജനികാന്തും തമിഴ് സിനിമയിലെ ഉന്നതരും തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മലയാളികളെ തമിഴ് സിനിമയില്‍ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചില തെന്നിന്ത്യന്‍ സിനിമാ മാസികകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തില്‍ കൊച്ചടിയാന്‍ എന്ന ചിത്രത്തില്‍ നായികയാകുമെന്ന് കരുതപ്പെട്ടിരുന്ന അസിനെ ഒഴിവാക്കിയതായി സൂചനയുണ്ട്. മറ്റൊരു തമിഴ് ചിത്രത്തില്‍ നിന്ന് മലയാളിയായ സംഗീത സംവിധായകനെയും ഒഴിവാക്കിയിട്ടുണ്ട്.
മണിരത്‌നത്തിന്റെ രാവണ്‍ എന്ന തമിഴ് ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാനപ്പെട്ട വേഷം ചെയ്‌തിരുന്നു. അതിന് മുമ്പ് മൊഴി, പാരിജാതം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്ന താരമായി പൃഥ്വിരാജ് മാറുമോയെന്ന് ഉറ്റുനോക്കുകയാണ് പൃഥ്വിരാജിന്റെ ആരാധകര്‍. ഇപ്പോള്‍ അനുരാഗ് കശ്യപ് ഒരുക്കുന്ന അയ്യാ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുകയാണ് പൃഥ്വിരാജ്. റാണി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല