സ്വന്തം ലേഖകന്‍: യുകെ മന്ത്രിസഭയില്‍ നിന്ന് പ്രീതി പട്ടേലിന്റെ രാജി, മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി തെരേസാ മേയ്. കാബിനറ്റ് പദവിയോടെ ബ്രിട്ടനില്‍ മന്ത്രിയാക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ബുധനാഴ്ച രാത്രിയാണു രാജിവച്ചത്. ഓഗസ്റ്റില്‍ ഇസ്രയേലില്‍ അവധി ആഘോഷിക്കാന്‍ പോയ പ്രീതി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള ഉന്നതരുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി.
അന്താരാഷ്ട്ര വികസന സെക്രട്ടറി എന്ന നിലയില്‍ ബ്രിട്ടന്റെ വിദേശ സഹായ ഫണ്ടുകളുടെ ചുമതലയാണു പ്രീതി വഹിച്ചിരുന്നത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഗോലാന്‍ കുന്നിലെ സൈനിക ആശുപത്രിയിലും പോയതും പ്രീതിക്ക് വിനയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ സൈന്യത്തിനു ഫണ്ട് ലഭ്യമാക്കാനായിരുന്നു ഈ സന്ദര്‍ശനമെന്നാണ് ആരോപണം. സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷം ഇക്കഴിഞ്ഞവെള്ളിയാഴ്ച ബിബിസിയാണ് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുകെ സന്ദര്‍ശനത്തിനിടെയാണ് ഇത് എന്നതും വിവാദം രൂക്ഷമാക്കി. തുടര്‍ന്ന് പ്രീതിയുടെ രാജിക്കായി മുറവിളി ഉയരുകയായിരുന്നു. തുടര്‍ന്ന് പ്രീതി മാപ്പു പറയുകയും തന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലായിരുന്നു എന്ന് ഏറ്റുപറഞ്ഞ് രാജിവക്കുകയും ചെയ്യുകയായിരുന്നു. ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന മറ്റൊരു എംപിയെ പ്രീതിക്കു പകരം കൊണ്ടുവരാന്‍ മേയ് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല