സ്വന്തം ലേഖകന്‍: ചര്‍ച്ച പരാജയം; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി. സമരക്കാരുമായി ഇന്നലെ ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമാകാതെ പിരിയുകയായിരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബസ് ഉടമകള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് മിനിമം ചാര്‍ജ് 8 രൂപയാക്കി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ബസ് ഉടമകള്‍ തയ്യാറായിരുന്നില്ല. ബസ് ഉടമകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ സമവായമുണ്ടാക്കാനാണ് ബസ് ഉടമകളുമായി ഇന്ന് ഗതാഗത മന്ത്രി ചര്‍ച്ച വിളിച്ചത്.
എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല