സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടമുള്ള സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ അനുമതി. ഗവൺമെൻറ് പാഠ്യപദ്ധതിയിൽനിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി തിരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. ഗവൺമെൻറ് സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തന്നെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദിയിലെ ഗവൺമെൻറ് സ്‌കൂളുകളിൽ കഴിഞ്ഞ വർഷം മുതലാണ് മൂന്നു സെമസ്റ്റർ രീതി നടപ്പാക്കിത്തുടങ്ങിയത്. അതിന് മുമ്പ് രണ്ടു സെമസ്റ്റർ സംവിധാനത്തിലായിരുന്നു സ്‌കുളുകളിൽ അധ്യായനം നടത്തിയിരുന്നത്. അടുത്ത അധ്യയന വർഷത്തിലും മൂന്നു സെമസ്റ്റർ രീതി തുടരാൻ തന്നെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം ഗവൺമെൻറ് പാഠ്യപദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി സ്വകരിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് ഇഷ്ടാനുസരം സെമസ്റ്റർ രീതി തെരഞ്ഞെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. അടുത്ത അധ്യയന വർഷത്തിനു ശേഷമുള്ള നാലു വർഷങ്ങളിൽ ഏത് സെമസ്റ്റർ രീതിയാണ് അവലംഭിക്കേണ്ടതെന്ന കാര്യത്തിൽ പ്രത്യേക പഠനം നടത്തും.
ഈ അധ്യയന വർഷാവസാനത്തോടെ ഇത് സംബന്ധിച്ച തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിടും. 180 അധ്യായന ദിനങ്ങളിൽ കുറവ് വരാത്തവിധം മന്ത്രിസഭ അംഗീകരിച്ച അക്കാദമിക് കലണ്ടറിന്റെ പൊതു സമയക്രമം പാലിച്ചുകൊണ്ടായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.
അതേസമയം വിദ്യാഭ്യാസ രംഗത്ത് ആഗോള ശ്രദ്ധയാകർഷിക്കുകയാണ് സൗദി അറേബ്യ. 115 രാജ്യങ്ങളിൽ നിന്നായി അറുപതിനായിരത്തിലധികം വിദ്യാർഥികൾ സൗദി വിദ്യാഭ്യാസ വീസക്ക് അപേക്ഷ നൽകി. സ്റ്റഡി ഇൻ സൌദി എന്ന പദ്ധതിയാണ് വലിയ വിജയമായത്. വിശിഷ്ട പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, വിദ്യാഭ്യാസ പ്രക്രിയയുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് സ്റ്റഡി ഇൻ സൗദി എന്ന വിദ്യാഭ്യാസ പ്ലാറ്റ് ഫോമിന് സൗദി അറേബ്യ തുടക്കം കുറിച്ചത്.
ഇത് വരെ 115 രാജ്യങ്ങളിൽ നിന്നായി 60,000 ത്തിലധികം വിദ്യാർഥികൾ ഉപരിപഠനത്തിനായി സൗദിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. സ്റ്റഡി ഇൻ സൗദി പ്ലാറ്റ് ഫോം വഴി വിദ്യാഭ്യാസ വീസക്ക് അപേക്ഷ നൽകിയ ഈ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം നിരവധി ആനുകൂല്യങ്ങളും അനുവദിക്കും.
വിദ്യാർഥികൾ, ഗവേഷകർ, ട്രെയിനികൾ എന്നിവർക്ക് ദീർഘകാല – ഹ്രസ്വകാല വീസകളിൽ ബിരുദം നേടാൻ അനുവദിക്കുന്ന 50 ഓളം സർവകലാശാലകൾ സൗദിയിലുണ്ട്. ഒരു ലക്ഷത്തിലധികം അന്താരാഷ്ട്ര ബിരുദധാരികളെ സൗദി സർവകലാശാലകൾ ഇത് വരെ ലോകത്തിന് സമ്മാനിച്ചു. അതിൽ 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും വിദ്യാഭ്യാസ വിദഗ്ധരും ഉൾപ്പെടും.
80 ശതമാനം പേരും ബാച്ചിലേഴ്‌സ ഡിഗ്രിയാണ് സൗദിയിൽ നിന്ന് പൂർത്തിയാക്കിയത്. 12 ശതമാനം പേർ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. കൂടാതെ എട്ട് ശതമാനം പേർ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളി വിദ്യാർഥികളും സൗദിയിലെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പഠനം നടത്തിവരുന്നു. വരും വർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കൂടുതൽ വിദ്യാർഥികൾ സൗദിയിലേക്കൊഴുകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല