1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2024

സ്വന്തം ലേഖകൻ: യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലെ ശമ്പള വര്‍ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉല്‍പ്പാദന ക്ഷമത കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ വേതന വര്‍ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണില്‍ കുറച്ചേക്കാമെന്ന സൂചനകള്‍ നല്‍കിയിരുന്നു. അതോടൊപ്പ രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തു വന്നതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ രാജ്യത്തെ സ്വകാര്യമേഖലയിലെ വേതന വര്‍ധനവിന്റെ കാര്യത്തില്‍ പ്രതിഫലിക്കുന്നില്ലെന്നാണ് നിരീക്ഷണം.

പൊതുമേഖലയില്‍ മൂന്നു ശതമാനം വേതന വര്‍ധന മാത്രമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതാണ് സ്വകാര്യ മേഖലയ്ക്കും തിരിച്ചടിയായിരിക്കുന്നത്. രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം കൂട്ടണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് കൊക്കറ്റ് പറഞ്ഞു.

പണപ്പെരുപ്പം കുറയുകയും ഉത്പാദനക്ഷമത ഉയരുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതല്‍ മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയര്‍ന്നു വരുന്നത്. രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ഈ ആവശ്യം ഉയർത്തി മുന്നോട്ട് വരുന്ന സാഹചര്യമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.