സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് അനുമതി നൽകുന്ന നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അംഗീകാരം. 2024ലെ 12ാം നമ്പർ നിയമത്തിനാണ് അമീർ അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറു മാസം തികയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വദേശി മാനവവിഭവ ശേഷി പരമവാധി മേഖലകളിൽ പ്രയോജനപ്പെടുത്തുക തുടങ്ങി ഖത്തർ ദേശീയ വിഷൻ 2030ൻെറ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ് സ്വകാര്യ മേഖലയിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിയമത്തിന് അംഗീകാരം നൽകിയത്.
കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം കരട് നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങൾ സംബന്ധിച്ചും സ്വദേശിവത്കരിക്കുന്ന തൊഴിലുകളെ സംബന്ധിച്ചും തൊഴിൽ മന്ത്രാലയം പിന്നീട് വിശദമാക്കും.
വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവയാണ് പുതിയ സ്വദേശിവത്കരണ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല