മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച ഹിറ്റു ചിത്രം ‘ജനകനി’ലൂടെ അഭിനയ രംഗത്തെത്തിയ യു.കെ മലയാളിയായ പ്രിയാ ലാല്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും ചുവടുറപ്പിക്കുന്നു. തമിഴിലും കന്നഡയിലും ചിത്രങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഈ യുവ നടിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകന് രാജ വെന്നം റെഡ്ഡിയുടെ ചിത്രത്തിലാണ് പ്രിയ അഭിനയിക്കുക. ടോളിവുഡിലെ യുവതാരം സൂര്യ നായകനാകുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനം ഊട്ടിയിലും ഹൈദരാബാദിലുമായി ആരംഭിക്കും.
1920കളിലെ കഥ പറയുന്ന ഈശ്വര്‍ ജോ സംവിധാനം ചെയ്യുന്ന കുന്താപുര എന്ന ചിത്രമാണ് മലയാളത്തില്‍ പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്. പുരാവസ്തു ഗവേഷക വകുപ്പിനെതിരെ പോരാടുന്ന മൈസൂറിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മൈസൂര്‍ രാജകുടുംബത്തിലെ അംഗമായ വസുന്ധര ദേവി എന്ന പുരാവസ്തു ഗവേഷക വിദ്യാര്‍ത്ഥിനിയായാണ് പ്രിയ ഇതിലെത്തുന്നത്.
കന്നഡയിലും തമിഴിലും ഓരോ സിനിമകളില്‍ അഭിനയിക്കാന്‍ പ്രിയ കരാര്‍ ആയിട്ടുണ്ട്. ഇതോടെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിനയിക്കുക എന്ന നേട്ടവും പ്രിയയ്ക്ക് സ്വന്തമാകും. ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ഗോമന്റ് ക്ലോസ്സില്‍ താമസിക്കുന്ന മല്ലപ്പള്ളി സ്വദേശി ലാല്‍ജിയുടേയും ബീനയുടെയും മകളായ പ്രിയ ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, സംഗീതം എന്നിവയില്‍ കഴിവ് തെളിയിച്ചാണ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ തിരക്ക് കൂടിയതോടെ പ്രിയാലാല്‍ ഇപ്പോള്‍ എറണാകുളത്ത് സ്വന്തം ഫ്ലാറ്റിലാണ് താമസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല