സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിച്ച പ്രിയാമണിക്ക് ഇനി ദിലീപിന്റെ നായികയായി അഭിനയിക്കാന്‍ ആഗ്രഹം. നേരത്തെ രണ്ടു തവണ ദിലീപിനൊപ്പം അഭിനയിക്കാന്‍ ഓഫറുകള്‍ വന്നെങ്കിലും ഡേറ്റില്ലാത്ത പ്രശ്നം കാരണം അന്ന് അത് നടന്നില്ല. കോമഡി റോളുകള്‍ അവതരിപ്പിക്കുമ്പോള്‍ ദിലീപിന്റെ ടൈമിംഗ് അപാരമാണെന്ന് പ്രിയാമണി പറഞ്ഞു.
ദിലീപ് പെണ്‍വേഷത്തിലെത്തുന്ന മായാമോഹിനി എന്ന സിനിമ കാണുന്നതിന് താന്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണെന്നും പ്രിയ പറഞ്ഞു. ഇതില്‍ ദിലീപിന്റെ രൂപഭാവം ആരെയും മോഹിപ്പിക്കുന്നതാണെന്നും പ്രിയാമണി പറഞ്ഞു. ദിലീപിന്റെ ചില ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ട്. മലയാളത്തില്‍ മറ്റാരെയും വെല്ലുന്ന ടൈംമിംഗാണ് ദിലീപിന്റെ അഭിനയശൈലിയുടെ സവിശേഷതയെന്നും പ്രിയാമണി പറഞ്ഞു.
ദിലീപിനെയും പൃഥ്വിരാജിനെയും പോലുള്ള യുവതാരങ്ങളാണ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ മലയാള സിനിമയെ സഹായിക്കുന്നതെന്നും അവര്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന ഗ്രാന്റ് മാസ്റ്റര്‍ ആണ് പ്രിയാമാണി ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. ചിത്രത്തില്‍ ഒരു അഭിഭാഷകയുടെ വേഷത്തിലാണ് പ്രിയ എത്തുന്നത്. ദീപ്തി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് പ്രിയ അഭിനയിക്കുന്നത്. പരുത്തിവീരന് എന്ന ചിത്രത്തില്‍ പ്രിയ അവതരിപ്പിച്ച മുത്തഴക് എന്ന കഥാപാത്രമാണ് തന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവുമികച്ച വേഷമെന്നും പ്രിയ പറഞ്ഞു. കൂടുതല്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും പ്രിയാമണി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല