സ്വന്തം ലേഖകന്‍: ഇന്ത്യയെ തീവ്രവാദ രാഷ്ട്രമായി ചിത്രീകരിച്ച പ്രിയങ്ക ചോപ്രയുടെ പരമ്പര; എബിസി ചാനല്‍ മാപ്പു പറഞ്ഞു. പ്രിയങ്ക ചോപ്ര വേഷമിടുന്ന കുറ്റാന്വേഷണ സീരിയലായ ക്വാന്റികോ പരമ്പരയില്‍, ന്യൂയോര്‍ക്കില്‍ ബോംബ് സ്‌ഫോടനം പദ്ധതിയിടുന്ന യുഎസ് സര്‍വകലാശാലാ ഫിസിക്‌സ് പ്രഫസറെ ഇന്ത്യക്കാരനായി ചിത്രീകരിച്ചതു വിവാദമായപ്പോഴാണ് എബിസി ചാനല്‍ ക്ഷമാപണം നടത്തിയത്.
ഇതിന്റെ പേരിലുള്ള വിമര്‍ശനങ്ങളില്‍നിന്നു നടിയെ വെറുതെവിടണമെന്നും ചാനല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തിരക്കഥയും കഥാപാത്രങ്ങളെയും നിശ്ചയിക്കുന്നതില്‍ പ്രിയങ്കയ്ക്ക് ഒരുപങ്കുമില്ലെന്നു ചാനല്‍ വ്യക്തമാക്കി. വിവാദത്തെ തുടര്‍ന്നു ദ് ബ്ലഡ് ഓഫ് റോമിയോ എന്ന എപ്പിസോഡ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.
ജൂണ്‍ 1ന് പുറത്തുവന്ന ‘ദി ബ്ലഡ് ഓഫ് റോമിയോ’ എന്ന ക്വാണ്ടികോയുടെ പുതിയ എപ്പിസോഡില്‍ ഒരു കൂട്ടം ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചെതിനെതിരെയാണ് പ്രതിഷേധം കത്തിപ്പടര്‍ന്നത്. എഫ്.ബി.ഐ ഏജന്റായ അലക്‌സ് പാരിഷ് എന്ന പ്രിയങ്ക അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം, അമേരിക്കയില്‍ സ്‌ഫോടനമുണ്ടാക്കി, പാകിസ്ഥാനുമേല്‍ പഴി ചാരാനുള്ള ഇന്ത്യന്‍ തീവ്രവാദികളുടെ നീക്കത്തെ സമര്‍ത്ഥമായി തടയുന്നതായാണ് കഥ.
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ – പാകിസ്ഥാന്‍ സമ്മേളനം ന്യൂയോര്‍ക്കില്‍ വെച്ച് നടക്കാനിരിക്കെ, ഹഡ്‌സണ്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും യുറേനിയം 235 ആരോ മോഷ്ടിക്കുന്നു. ആദ്യം പാകിസ്ഥാന് നേരെ അന്വേഷണം നീളുമെങ്കിലും, തീവ്രവാദികളിലൊരാളുടെ കഴുത്തില്‍ പ്രിയങ്കയുടെ കഥാപാത്രം രുദ്രാക്ഷം കണ്ടെത്തുന്നതോടെ ആക്രമണത്തിനു പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാരായ ഇന്ത്യന്‍ തീവ്രവാദികള്‍ വലയിലാകുന്നു.
ഇന്ത്യയെ ഒരു തീവ്രവാദരാഷ്ട്രമായി ചിത്രീകരിക്കുന്നത് ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ പ്രിയങ്ക ചോപ്ര എതിര്‍ക്കണമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. #shameonpriyanka, #shameonquantico എന്നീ ഹാഷ് ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല