സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളി മോഹൻലാൽ ചിത്രവും. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിൻ്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്ന തൊടുപുഴയിലാവും ആദ്യ ഷെഡ്യൂൾ ചിത്രീകരണം എന്നാണ് റിപ്പോർട്ട്.
സിനിമാ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും നിർമാണ ചിലവ് ചുരുക്കണമെന്നും വ്യക്തമാക്കി നിർമാതാക്കൾ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം ആവാതെ പുതിയ സിനിമകൾ ചിത്രീകരിക്കരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഷൂട്ടിംഗ് മുടങ്ങിക്കിടക്കുന്ന 60ഓളം സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടേ പുതിയ സിനിമകൾ തുടങ്ങാവൂ എന്നായിരുന്നു നിർദ്ദേശം.
ഇതിനെ മറികടന്ന് മഹേഷ് നാരായണൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രവും ഹർഷദ് സംവിധാനം ചെയ്ത് റിമ കല്ലിങ്കലും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രവും ഷൈൻ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രവും തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു തുടങ്ങിയവരും ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും പുതിയ സിനിമകൾ പ്രഖ്യാപിക്കുകയുംചെയ്തു. ഇതിനു പിന്നാലെയാണ് ദൃശ്യം 2ഉം ചിത്രീകരണത്തിന് ഒരുങ്ങുന്നത്.
അതേ സമയം, താരങ്ങൾ പ്രതിഫലം കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ താരസംഘടന ഞായറാഴ്ച യോഗം ചേരും.
2013ലാണ് ജീത്തു മോഹൻലാലിനെ നായകനാക്കി ദൃശ്യം പുറത്തിറക്കിയത്. ഫാമിലി ഡ്രാമ എന്ന തരത്തിൽ തീയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഘട്ടത്തിൽ അത്ര മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ചിത്രം കത്തിക്കയറുകയായിരുന്നു. നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല