1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2023

സ്വന്തം ലേഖകൻ: മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. വിചാരണ നേരിട്ട 11 പ്രതികളില്‍ അഞ്ച് പേര്‍ കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി പ്രത്യേക ജഡ്ജി അനില്‍ കെ ഭാസ്‌കര്‍ കണ്ടെത്തി.

എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. രണ്ടാം പ്രതി സജല്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒന്‍പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെ വെറുതെവിട്ടു. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്.

സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്.

ആദ്യഘട്ട വിചാരണ നേരിട്ട 37 പേരില്‍ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പിക്കല്‍, സ്‌ഫോടക വസ്തു നിയമം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2010 ജൂലൈ നാലിനാണ് ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.