സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ തൊഴിൽപരിചയവും യോഗ്യതയും വൈദഗ്ധ്യവും പരിശോധിക്കുന്ന ‘പ്രഫഷനൽ വെരിഫിക്കേഷൻ’ രണ്ടാംഘട്ടത്തിൽ 1315 തസ്തികളിൽകൂടി നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. നൈപുണ്യത്തിനും പരിശീലനത്തിനുമുള്ള വിഭാഗം അണ്ടർ സെക്രട്ടറി അഹമ്മദ് അൽസഹ്റാനിയാണ് ഇക്കാര്യം അറിയിച്ചത്.
‘അൽ അറബിയ’ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. വിപണി കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ സേനയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് മന്ത്രാലയം പ്രഫഷനൽ വെരിഫിക്കേഷൻ ആരംഭിച്ചത്. ആ സേവനത്തിന്റെ രണ്ടാംഘട്ടത്തിൽ 60 രാജ്യങ്ങളെയും സ്പെഷലൈസ്ഡ് പ്രഫഷനുകൾ ഉൾപ്പെടെ 1315 തസ്തികകളെയുമാണ് ഉൾപ്പെടുത്തുന്നത്.
ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഏകോപനത്തിലാണ് ഇത് നടപ്പാക്കുന്നത്. 2023 സെപ്തംബറിൽ ആരംഭിച്ച പ്രഫഷനൽ വെരിഫിക്കേഷൻ സേവനം നിലവിൽ 128 രാജ്യങ്ങളിൽ ലഭ്യമാണ്. ആദ്യഘട്ടത്തിൽ 1007 പ്രഫഷനുകളെയാണ് ഉൾപ്പെടുത്തിയതെന്നും അൽസഹ്റാനി പറഞ്ഞു. അക്കാദമിക് യോഗ്യതകൾ, പ്രായോഗിക പരിചയം, പ്രഫഷനൽ വൈദഗ്ധ്യം എന്നിവയാണ് പരിശോധിക്കുന്നത്.
ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവരെയാണ് ഇത് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ തലങ്ങളുടെയും സ്പെഷലൈസേഷനുകളുടെയും ഏകീകൃത സൗദി വർഗീകരണം അനുസരിച്ച് തൊഴിലാളിക്ക് അക്കാദമിക് യോഗ്യതകൾ ഉണ്ടെന്ന് പ്രഫഷനൽ വെരിഫിക്കേഷൻ സേവനം പരിശോധിക്കുന്നു.
തൊഴിലിന്റെയും തൊഴിൽ വിപണിയുടെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രായോഗിക പരിചയവും പ്രഫഷനൽ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നതിന് പുറമെയാണിത്. കൂടാതെ, സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രവാസി തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഈ സേവനം ഉറപ്പാക്കുന്നു. തൊഴിലാളിക്ക് വിദ്യാഭ്യാസപരവും അക്കാദമികവുമായ യോഗ്യത നേടുന്നതിന് ആവശ്യമായ തൊഴിലുകളിലും ജോലികളിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗുണഭോക്താവിന്റെ അനുഭവവും നൽകുന്ന സേവനങ്ങളുടെയും നടപടിക്രമങ്ങളുടെയും വേഗതയും ഗുണനിലവാരവും മെച്ചപ്പെടുത്തി സൗദി തൊഴിൽ വിപണിയുടെ ആകർഷണീയത വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പാണ് ‘പ്രഫഷനൽ വെരിഫിക്കേഷൻ’. തൊഴിലാളികളുടെ ഗുണനിലവാരം ഉയർത്തുന്നതിനും കൂടുതൽ കാര്യക്ഷമവും ഉൽപാദനക്ഷമവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പരിവർത്തനത്തിന്റെ ഭാഗമാണിത്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണിത്.
പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ തൊഴിൽ വിപണിയെ നിയന്ത്രിക്കാനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രഫഷനൽ സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉൽപാദനക്ഷമത വർധിപ്പിക്കാനുമാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നതെന്നും അൽസഹ്റാനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല