കൊടുങ്ങല്ലൂരിലെ ഒരു ബാറില്‍ ഇന്നലെയാണ് ഏറിയാട് പുന്നക്കപ്പറമ്പില്‍ പരേതനായ കൃഷ്ണന്റെ മകനും റൂബി ബസ്സുകളുടെ ഉടമയുമായ ബാബു (48) വെടിയേറ്റുമരിച്ചത്. സംഭവത്തില്‍ സഹോദരന്‍ രഘുനാഥിനെ (56) പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് 6.20ന് ശാന്തിപുരം കല്ലട റസിഡന്‍സിയിലെ 108-ാം മുറിയില്‍ വെച്ചായിരുന്നു സംഭവം. ഗള്‍ഫിലും നാട്ടിലുമുള്ള സ്വത്തുക്കളെക്കുറിച്ച് കുറച്ചു വര്‍ഷങ്ങളായി സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ട്. അടുത്തകാലത്ത് ബാബുവിന്, രഘുനാഥ് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് ഒരു സ്ഥലം വിറ്റതായി പറയുന്നു. ഈ പ്രശ്‌നമാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായ അബ്ദുള്‍സലാമും എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. രമേശനും ചേര്‍ന്ന് ചര്‍ച്ചയ്ക്കുവെച്ചത്. ഗള്‍ഫില്‍ വ്യവസായിയായ രഘുനാഥ് താമസസ്ഥലമായ കോഴിക്കോട്ടുനിന്ന് തിങ്കളാഴ്ച രണ്ടുമണിയോടെ കല്ലട ഹോട്ടലില്‍ എത്തി. രഘുനാഥ് അമ്പാടി, കോഴിക്കോട് എന്ന വിലാസത്തില്‍ മുറിയെടുത്തു. അഞ്ചരയോടെ ബാബു സ്വന്തം വാഹനത്തില്‍ ഹോട്ടലിലെത്തി സ്വീകരണമുറിയില്‍ ഇരുന്നു. ആറുമണിയോടെ മൂത്തജ്യേഷ്ഠന്‍ കാര്‍ത്തികേയന്‍, പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വന്നു. മറ്റൊരു മധ്യസ്ഥനായ അബ്ദുള്‍സലാം എത്തിയിരുന്നില്ല. ആറേകാലോടെ ഇവര്‍ രഘുനാഥ് എടുത്ത മുറിയിലെത്തി. ചര്‍ച്ച തുടങ്ങിയ ഉടനെ രഘുനാഥ് പാന്റിന്റെ കീശയില്‍നിന്ന് തോക്കെടുത്ത് ബാബുവിനെ വെടിവെച്ചു. നെഞ്ചിന്റെ ഇടതുഭാഗത്തു വെടിയേറ്റ ബാബു നിലത്തുവീണു. കാര്‍ത്തികേയന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. രഘുനാഥ് തോക്കുമായി പിന്നാലെ ഓടിയെങ്കിലും കാര്‍ത്തികേയന് രക്ഷപ്പെടാന്‍ കഴിഞ്ഞു.
ഒരുനിമിഷത്തെ ക്രൂരതയില്‍ മുതിര്‍ന്ന ജേഷ്ഠന്‍ തകര്‍ത്തത് ഒരുമിച്ചു ജീവിതത്തിലും കച്ചവടത്തിലും വളര്‍ന്ന സാഹോദര്യത്തെയാണ്. വിദേശത്തും സ്വദേശത്തും വളര്‍ന്ന ആ ബിസിനസ് സാഹോദര്യം ശാന്തിപുരം കല്ലട റസിഡന്‍സിയിലെ 108-ാം നമ്പര്‍ മുറിയില്‍ രക്തം പുരണ്ടു ചിതറുകയായിരുന്നു. ഇളയവന്‍ ബാബു കൊല്ലപ്പെട്ടു, ജ്യേഷ്ഠന്‍ രഘുനാഥ് പൊലീസ് കസ്റ്റഡിയില്‍, മൂത്തയാള്‍ കാര്‍ത്തികേയനാകട്ടെ രക്ഷപ്പെട്ടതിന്റെ അങ്കലാപ്പിലും. വിദേശത്ത് റൂബി കാര്‍ഗോ എന്ന പേരില്‍ വ്യവസായം നടത്തിയിരുന്നതും ഈ സഹോദരങ്ങള്‍ ഒരുമിച്ചാണ്. നാട്ടില്‍ ഭൂമി കച്ചവട രംഗത്ത് പങ്കുകച്ചവടം തുടങ്ങിയതോടെ സാഹോദര്യം കൂടുതല്‍ കരുത്താര്‍ജിച്ചു. മൂവരും ചേര്‍ന്നു സ്ഥലം വാങ്ങി മറിച്ചു വിറ്റ് ലാഭം പങ്കിടുന്നതായിരുന്നു രീതി. കൊടുങ്ങല്ലൂര്‍ സെന്ററില്‍ വന്‍ തുകയ്ക്കു വാങ്ങിയ 60 സെന്റിന്റെ പവര്‍ ഓഫ് അറ്റോണി ബാബുവിന്റെ പേരിലായിരുന്നു. ഈ സ്ഥലം രഘുനാഥ് അറിയാതെ ബാബു വിറ്റെന്ന തര്‍ക്കമാണ് സാഹോദര്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. നല്ല ലാഭം കിട്ടുന്ന കച്ചവടമായതിനാലാണ് വിറ്റതെന്ന നിലപാടിലായിരുന്നു കാര്‍ത്തികേയനും ബാബുവുമെന്നാണ് പൊലീസിനോടു ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല