സ്വന്തം ലേഖകന്‍: ടെക്‌സാസിലെ ഗാര്‍ലണ്ടില്‍ പ്രവാചക കാര്‍ട്ടൂണ്‍ മത്സരത്തിനിടെ നടന്ന വെടിവപ്പിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അമേരിക്കന്‍ തീവ്രവാദ നിരീക്ഷണ വിഭാഗമായ എസ്‌ഐടിഇ ഉദ്ധരിച്ച് ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടത്.
തങ്ങളുടെ രണ്ട് സഹോദരന്മാരാണ് ഗാര്‍ലണ്ടില്‍ വെടിവയ്പു നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അബു ഹുസൈന്‍ അല്‍ബ്രിട്ടാനി ട്വിറ്ററിലൂടെ അവകാശപ്പെട്ടതായി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐടിഇ ഇക്കാര്യം തങ്ങളുടെ വെബ്‌സൈറ്റില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ടെക്‌സാസ് പട്ടണത്തിലെ ഗാര്‍ലാന്റില്‍ നടന്ന മുഹമ്മദ് ആര്‍ട്ട് എക്‌സ്ഹിബിറ്റ് ആന്‍ഡ് കാര്‍ട്ടൂണ്‍ കോണ്ടസ്റ്റ് മത്സരത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മത്സരത്തിനിടെ കാറിലെത്തിയ രണ്ട് പേര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഒരു പൊലീസുകാരന് കാലിന് വെടിയേറ്റിരുന്നു. ആക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന് കാലില്‍ വെടിയേറ്റത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സമീപത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന നിഗമനത്തില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല