സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസയുടെ മറവില്‍ ഗള്‍ഫിലെത്തി അനാശാസ്യം നടത്തി മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്, ലക്ഷങ്ങളുടെ വരുമാനവും ഇടനിലക്കാരുടെ പ്രലോഭനവും പ്രധാന കാരണങ്ങള്‍. സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തി ലക്ഷങ്ങളുടെ വരുമാനം ഒരു മാസം കൊണ്ട് തന്നെ ഉണ്ടാക്കുന്ന നിരവധി മലയാളി സ്ത്രീകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സ്ത്രീകളെ വലയിട്ടു പിടിക്കാന്‍ നിരവധി ഇടനിലക്കാരും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തിരക്കും പരിശോധനയും കുറവുള്ള വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. കേരളത്തില്‍ നിന്നുള്ള വിമാനത്താവളങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ ഇത്തരം ഇടപാടുകാര്‍ സ്ഥിരം കടന്നു പോകുന്നതായാണ് സൂചന. ഇടനിലക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണകളും ഈ മനുഷ്യക്കടത്തിന് തുണയാകുന്നതായി റിപ്പോര്‍ട്ടുണ്ട്.
ജോലി അന്വേഷിക്കാനെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയാല്‍ ഒരു മാസമോ രണ്ട് മാസമോ താമസിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം മടങ്ങുന്നു. തിരികെ വരുമ്പോഴേക്കും ഇവര്‍ നല്ലൊരു സമ്പാദ്യവും ഉണ്ടാക്കിയിട്ടുണ്ടാകും. അനാശാശ്യത്തിലൂടെ 1,500 മുതല്‍ 3,000 ദിര്‍ഹം വരെ (25,000 മുതല്‍ 50,000 രൂപ വരെ) ഒരു ദിവസം സമ്പാദിക്കുന്നവര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പകുതി സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കുന്ന ഇടനിലക്കാര്‍ക്കാണെന്നും ഗള്‍ഫില്‍ പ്രത്യേകിച്ചും ദുബായ് കേന്ദ്രീകരിച്ച് നിരവധി മലയാളികള്‍ ഇത്തരം ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരാളെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഗള്‍ഫിലെത്തിച്ചാല്‍ എട്ടു ലക്ഷം രൂപ കിട്ടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിന് വേണ്ടി കേരളത്തിലും ഹൈദരാബാദിലും, ബംഗളുരുവിലും പ്രത്യേക റക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.യാത്രക്കിടെ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. വീട്ടുജോലിക്ക് എന്ന പേരിലാണ് മുമ്പ് ഇത്തരത്തില്‍ സ്ത്രീകളെ കൊണ്ടുപോയിരുന്നതെങ്കില്‍ ഇപ്പോള്‍ സന്ദര്‍ശക വിസയെന്ന പേരില്‍ മറയില്ലാതെയാണ് കടത്ത്.
അതേസമയം ജോലി അന്വേഷിക്കാനെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നത് കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് തീവ്രവാദ രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. കൊടും കുറ്റവാളികളും തീവ്രവാദികളും ഇതിന്റെ മറവില്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയാണ് അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല