സ്വന്തം ലേഖകന്‍: ‘അദാനി മടങ്ങി പോകണം’, അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനന പദ്ധതിയ്ക്ക് എതിരെ ഓസ്‌ട്രേലിയയില്‍ ജനരോഷം ശക്തം. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ ക്വീന്‍സ്ലാന്റിലെ ഖനി ആഗോള താപനത്തിനും അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുമെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ ഖനിയായ ഇത് പ്രശസ്തമായ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാകുമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
‘സ്റ്റോപ്പ് അദാനി’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടി ഓസ്‌ട്രേലിയയില്‍ ഉടനീളം നടന്നു. സിഡ്‌നിയിലെ ബോണ്ടി ബീച്ചിലെ പ്രതിഷേധ പരിപാടിയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. പരിസ്ഥിതിക്ക് വലിയ നാശം വരുത്തുന്ന പദ്ധതിയെ ‘പല്ലും നഖവും’ ഉപയോഗിച്ച് എതിര്‍ക്കുമെന്ന് വ്യാപാരികള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ എന്നിവര്‍ വ്യക്തമാക്കി.
ഒരു അഭിപ്രായ സര്‍വെയില്‍ 16 ബില്യണ്‍ ഡോളറിന്റെ കല്‍ക്കരി വൈദ്യുത പദ്ധതിക്കെതിരെ ഭൂരിപക്ഷം ഓസ്‌ട്രേലിയക്കാരും വോട്ട് ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്ക്ക് കല്‍ക്കരി ഖനികള്‍ ആവശ്യമില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. വൃത്തികെട്ട, മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് കല്‍ക്കരി ഖനികളെന്നും ബാങ്കുകള്‍ പോലും ധനസഹായം നല്‍കാന്‍ മടിക്കുന്ന പദ്ധതിക്കായി ഓസ്‌ട്രേലിയന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റിയില്‍ നിന്ന് 90 കോടി ഡോളര്‍ വായ്പക്കുള്ള ശ്രമം നടക്കുന്നതും പ്രതിഷേധക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല