സ്വന്തം ലേഖകന്‍: ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിയ്‌ക്കെതിരെ വമ്പന്‍ പ്രതിഷേധ പ്രകടനം, പ്രതിഷേധം പാര്‍ട്ടി സമ്മേളനത്തിനിടെ. തീവ്ര കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയുടെ (എ.എഫ്.ഡി) നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജര്‍മന്‍ നഗരമായ കൊളോണില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പാര്‍ട്ടി സുപ്രധാന സമ്മേളനത്തിനിടെയാണ് പ്രതിഷേധകര്‍ റാലിക്ക് ആഹ്വാനം ചെയ്തത്. ഇരു പക്ഷവും തമ്മില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 4000 ത്തോളം പൊലീസുകാരും സ്ഥലത്തെത്തി.
സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധകരെ പൊലീസ് തടഞ്ഞു. സംഘര്‍ഷത്തില്‍ഏതാനും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.സംഘര്‍ഷഭീതിയില്‍ കൊളോണിലെ കടകള്‍ അടച്ചു. 50,000ത്തോളം പ്രതിഷേധകരാണ് രംഗത്തെത്തിയത്. കുടിയേറ്റ വിരുദ്ധതകൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച എ.എഫ്.ഡി സെപ്റ്റംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് സീറ്റ് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്. രണ്ടുദിവസത്തെ സമ്മേളനത്തില്‍ 600 പ്രതിനിധികള്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്.
2013ലാണ് എ.എഫ്.ഡി രൂപവത്കരിച്ചത്. 2015ല്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ചാന്‍സലര്‍ അംഗല മെര്‍കലിന്റെ തീരുമാനത്തെ പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. കിഴക്കന്‍ മേഖലയില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ മെര്‍കലിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ എ.എഫ്.ഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അതേസമയം, എ.എഫ്.ഡിയുമായി സഖ്യമുണ്ടാക്കുന്നതിന് ജര്‍മനിയിലെ മുഖ്യധാര പാര്‍ട്ടികള്‍ക്കു താല്‍പര്യമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഒറ്റക്കു പൊരുതി ജയിക്കാമെന്ന നിലപാടിലാണ് പാര്‍ട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല