ഫ്രഞ്ച് മാഗസിനായ ഷാര്‍ലി യെബ്ദോയ്‌ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം. ഞായറാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ആയിര കണക്കിന് ബ്രിട്ടീഷ് മുസ്ലീംങ്ങള്‍ പങ്കെടുത്തു. ഷാര്‍ലി യെബ്ദോയുടെ കാര്‍ട്ടൂണുകള്‍ പ്രവാചകനെ മോശമായി ചീത്രീകരിക്കുന്നതാണെന്നും നിന്ദിക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രവാചകന് വേണ്ടി എഴുനേല്‍ക്കു എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഓഫീസിന് സമീപം പ്രതിഷേധ പ്രകടനം നടത്തിയത്.
മുഹമ്മദ് നബിയെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് തീവ്രവാദികള്‍ ഷാര്‍ലി യെബ്ദോയുടെ ഓഫീസിന് നേരെ ആക്രമണം നടത്തുകയും മാഗസിനിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാര്‍ലി യെബ്ദോയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന് തുടങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഒന്നിനെയും അംഗീകരിക്കാനാവില്ലെന്ന് പുരോഗമനവാദികള്‍ പറയുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുണ്ടെന്നാണ് യാഥാസ്ഥിതിക മുസ്ലീംങ്ങള്‍ പറയുന്നത്. നബിയുടെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് തന്നെ തെറ്റാണ്, അപ്പോഴാണ് നബിയെ സ്ത്രീകള്‍ക്കൊപ്പവും നഗ്നനായുമൊക്കെ മോശമായി ചിത്രീകരിക്കുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നാണ് മുസ്ലീംങ്ങളുടെ വാദം.
ലണ്ടനില്‍ നടന്ന പ്രതിഷേധ പ്രകടനം പാരീസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. അതേസമയം കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് ഷാര്‍ലി യെബ്ദോ പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഒരു ലക്ഷം മുസ്ലീംങ്ങള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ പെറ്റീഷന്‍ പ്രതിഷേധക്കാര്‍ ഡേവിഡ് കാമറൂണിന്റെ ഓഫീസിന് കൈമാറി. മുസ്ലീം ആക്ഷന്‍ ഫോറമാണ് പെറ്റീഷന്‍ തയാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല