സ്വന്തം ലേഖകന്‍: ഓറഞ്ച് നിറവും മേല്‍വിലാസം ഒഴിവാക്കലും; പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിന് എതിരെ പ്രതിഷേധം. കുടിയേറ്റ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഇനിമുതല്‍ ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടായിരിക്കുമെന്നാണ് വിദേശ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇത് ഇന്ത്യന്‍ പൗരന്മാരെ വേര്‍തിരിച്ചു നിര്‍ത്തുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം.
നിലവില്‍, നയതന്ത്ര ഉദ്യോഗസ്ഥരുടെ പാസ്‌പോര്‍ട്ടുകളൊഴികെ എല്ലാ പാസ്‌പോര്‍ട്ടുകള്‍ക്കും കടുംനീല നിറമാണ്.
പാസ്‌പോര്‍ട്ടിന്റെ നിറംമാറ്റവും വിലാസം നല്‍കുന്ന പേജ് പിന്‍വലിക്കലുമാണ് എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്. നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കിയെടുക്കുന്നവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് വാങ്ങുന്നവര്‍ക്കുമായിട്ടായിരിക്കും ഇത് ബാധകം.
വിദേശകാര്യ മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയുടെ ശിപാര്‍ശയെ തുര്‍ന്നാണ് പുതിയ മാറ്റങ്ങള്‍. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തുവന്നു. കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി കാണുന്നതാണ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റമെന്നും ബി.ജെ.പിയുടെ വിവേചന മനോഭാവമാണ് പുറത്തുവന്നതെന്നും രാഹുല്‍ ആരോപിച്ചു.
കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മാരാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതോടെ മേല്‍വിലാസത്തിനുള്ള തെളിവായി പാസ്േപാര്‍ട്ട് ഇനി ഉപയോഗിക്കാനാവില്ല. അപേക്ഷകന്റെ കുടുംബ വിവരം, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തിയിരുന്നത് അവസാന പേജിലായിരുന്നു. പുതിയ പരിഷ്‌കരണത്തില്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് ഒഴിച്ചിടും. അപേക്ഷകന്റെ വിവരങ്ങള്‍ മന്ത്രലായം സൂക്ഷിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല