മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ വീണ്ടും മലയാള സിനിമാക്കാര്‍ക്കെതിരെ തമിഴകത്ത് പ്രതിഷേധം.സംവിധായകന്‍ വൈശാഖിനെയാണ് ഈ വട്ടം പ്രതിഷേധക്കാര്‍ തടഞ്ഞത്.പൊള്ളാച്ചിയില്‍ അദ്ദേഹവും സംഘവും താമസിച്ച ഹോട്ടല്‍ എംഡിഎംകെ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ് ഹോട്ടല്‍ വളഞ്ഞത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് വൈശാഖും സംഘവും കേരളത്തിലേക്ക് മടങ്ങി.
വൈശാഖിന്റെ പുതിയ ചിത്രമായ ‘മല്ലുസിംഗിന്റെ’ ഒരു സുപ്രധാന ലോക്കേഷന്‍ പൊള്ളാച്ചി ആണ്. തീര്‍ത്തും വേദനാജനകമായ സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് വൈശാഖ് പ്രതികരിച്ചു. പോക്കിരിരാജ, സീനിയേഴ്സ് എന്നീ മെഗാഹിറ്റുകളുടെ സംവിധായകനായ വൈശാഖിന്റെ ‘മല്ലുസിംഗ്‘ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആണ് നായകന്‍.
ശനിയാഴ്ച തെങ്കാശിയില്‍ നടന്നുവരികയായിരുന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് എംഡിഎംകെ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയിരുന്നു. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ‘നമ്പര്‍ 66 മധുര ബസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് തടസ്സപ്പെടുത്തിയത്. എംഎ നിഷാദിനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി സംഘം മടങ്ങുകയായിരുന്നു. തമിഴ് നടന്‍ പശുപതിയാണ് ഈ ചിത്രത്തിലെ നായകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല