1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2011

റഷ്യന്‍ പാര്‍ലമെന്‍റിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം അരങ്ങേറിയെന്ന് ആരോപിച്ചു മോസ്കോയില്‍ വന്‍ പ്രകടനം. തിങ്കളാഴ്ച രാത്രി മോസ്കോ നഗരത്തില്‍ പ്രകടനത്തിന് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. പതിനായിരത്തിലധികം പേര്‍ പ്രധാനമന്ത്രി വ്ളാഡ്മിര്‍ പുടിനെതിരേ മുദ്രാവാക്യം വിളിച്ചു പ്രകടനത്തില്‍ പങ്കെടുത്തു. കള്ളന്മാരുടെയും കൊള്ളക്കാരുടെയും പാര്‍ട്ടി (പുടിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടി) നശിക്കട്ടെ എന്നെഴുതിയ ബാനറുകളും പിടിച്ചു കൊണ്ടാണു ചിലര്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

പത്തു വര്‍ഷത്തിനുള്ളില്‍ മോസ്കോയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണു തിങ്കളാഴ്ച അരങ്ങേറിയത്. പുടിനില്ലാത്ത റഷ്യയെന്നു മുദ്രാവാക്യം വിളിച്ചു വിസില്‍ മുഴക്കി നൂറുകണക്കിനു പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

പ്രകടന വാര്‍ത്തകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവികള്‍ സംപ്രേഷണം ചെയ്തില്ല. മുന്നൂറില്‍ അധികം പേര്‍ മോസ്കോയില്‍ അറസ്റ്റിലായി. അലക്സി, താങ്കള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണ്, എന്നാല്‍ താങ്കള്‍ക്ക് ഈ വിധം പ്രകടനം നടത്താന്‍ അനുമതിയില്ലെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നു എസ്കോ മോസ്കോവി ലിബറല്‍ റേഡിയോ വെബ്സൈറ്റ്.

പുടിന്‍റെയും പ്രസിഡന്‍റ് ദിമിത്രി മെദ്വദേവിന്‍റെയും ജന്മനാട് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലും വന്‍ പ്രകടനം അരങ്ങേറി. അവിടെ നൂറിലധികം പേര്‍ അറസ്റ്റിലായി.

പാര്‍ലമെന്‍റിന്‍റെ അധോസഭ ഡ്യൂമയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വ്ളാഡ്മിര്‍ പുടിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുടിന്‍ പാര്‍ട്ടിക്കു ഡ്യൂമയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം അരങ്ങേറിയെന്നു പ്രതിപക്ഷവും വിദേശ നിരീക്ഷകരും ആരോപിച്ചു. ഇന്നലെ മോസ്കോയില്‍ പുടിന്‍ അനുകൂലികള്‍ പ്രകടനം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.