അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമതാവളത്തില്‍ സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച യുഎസ് വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി. വടക്കുകിഴക്കന്‍ പ്രവിശ്യയായ കുണ്ടൂസില്‍ ആയിരത്തോളം വരുന്ന പ്രക്ഷോഭകര്‍ ഇന്നലെ യുഎന്‍ മന്ദിരം കൈയേറി അഗ്നിക്കിരയാക്കി. ഇവിടത്തെ സര്‍ക്കാര്‍ഓഫീസുകള്‍ക്കു നേരേ കല്ലേറുമുണ്ടായി.
പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ലാഘ്മാന്‍ പ്രവിശ്യയിലും പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരേ കല്ലെറിഞ്ഞ പ്രക്ഷോഭകര്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തു.
അതേസമയം, ഇന്നലെ കാബൂളിലുണ്ടായ അക്രമസംഭവങ്ങളില്‍ രണ്ടു നാറ്റോ ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചു. അമേരിക്കന്‍ കേണലും മേജറുമാണു കൊല്ലപ്പെട്ടത്. ആഭ്യന്തരമന്ത്രാലയ ഓഫീസിനുള്ളില്‍ കയറിയ അക്രമി സൈനിക ഓഫീസര്‍മാര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണു കാബൂളിനു തെക്കുള്ള ബാഗ്രാം എയര്‍ഫീല്‍ഡില്‍ യുഎസ് സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിക്കുന്നതിനിടെ അബദ്ധവശാല്‍ സംഭവിച്ചതാണിതെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സൈനികരിലാരോ ഈ വിവരം പുറത്തേക്കു ചോര്‍ത്തിക്കൊടുക്കുകയായിരുന്നത്രേ. തുടര്‍ന്ന് രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 28 പേരാണു മരിച്ചത്. അമേരിക്കയ്ക്കു മരണം എന്ന് ആക്രോശിച്ചുകൊണ്ടാണു പ്രകടനങ്ങള്‍ നടക്കുന്നത്.
സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ അടങ്ങുന്നില്ല. അയല്‍രാജ്യമായ പാക്കിസ്ഥാനിലും ഇന്നലെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പുതിയ സാഹചര്യത്തില്‍ പാക്കിസ്ഥാനിദലയും അഫ്ഗാനിസ്ഥാനിദലയും യുഎസ് സ്ഥാപനങ്ങള്‍ക്കും സൈനികകേന്ദ്രങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല