സ്വന്തം ലേഖകൻ: ലെബനനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസം പിന്നിടവേ മന്ത്രിമാര്‍ രാജിവെക്കുന്നു.പ്രധാനമന്ത്രി സാദ് ഹരീരിയുടെ സര്‍ക്കാരിലെ ഘടകക്ഷി ലെബനീസ് ഫോര്‍സസ് പാര്‍ട്ടിയിലെ നാലു മന്ത്രിമാരാണ് രാജി വെച്ചിരിക്കുന്നത്. ലെബനനനിലെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്.
സര്‍ക്കാരിന് ലെബനനിലെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റാത്തതിനാലാണ് തങ്ങളുടെ പാര്‍ട്ടിയിലെ മന്ത്രിമാര്‍ രാജിവെക്കുന്നതെന്ന് ലെബനീസി ഫോര്‍സസ് പാര്‍ട്ടി തലവന്‍ സമിര്‍ ഗിഗിയ പറഞ്ഞു. ലെബനനില്‍ ഇവിടത്തെ മത,സമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ കൂട്ടിച്ചേര്‍ത്തേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റൂ.
ലെബനനിലെ പ്രസിഡന്റ് ഒരു ക്രിസ്ത്യന്‍ ആയിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്ലിമും പാര്‍ലമെന്റ് വക്താവായി ഷിയ വിഭാഗത്തില്‍ നിന്നുമുള്ള ആളുമായിരിക്കണം. ഹരീരിയുടെ സര്‍ക്കാര്‍ രാജിവെച്ചൊഴിയണമെന്ന് പ്രക്ഷോഭകരുടെ ആവശ്യം ശക്തി പ്രാപിക്കുകയാണ്് ലെബനനില്‍ ഇപ്പോള്‍.
തലസ്ഥാന നഗരിയായ ബെയ്‌റൂട്ടല്‍ ഉള്‍പ്പെടെ പ്രക്ഷോഭം കനക്കുകയാണ്. ഇതുവരെയുണ്ടായ പ്രക്ഷോഭത്തില്‍ 70 പ്രക്ഷോഭകര്‍ക്കും 52 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായി റോയിട്ടേര്‍സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ സംയുക്ത സര്‍ക്കാരിന് 74 മണിക്കൂര്‍ സമയമാണ് പ്രധാനമന്ത്രി സാദ് ഹരീരി പ്രശ്‌ന പരിഹാരത്തിന് നല്‍കിയിരുന്നത്.
ഇതിനിടെ സര്‍ക്കാര്‍ രാജി വെക്കണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെന്ന് ലെബനനിലെ പ്രബല ഷിയ സംഘമായ ഹിസ്ബൊള്ളയുടെ തലവന്‍ സയ്യിദ് ഹസ്സന്‍ നസ്റള്ള അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അമിത നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ രാജി ലെബനനെ പാടെ തകര്‍ക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.
കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വാട്സ് ആപ് ഉപയോഗത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ജനരോഷത്താല്‍ പിന്‍വലിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മൂലം ലെബനനില്‍ തൊഴിലില്ലായ്മയും വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവുമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല