സ്വന്തം ലേഖകൻ: റിയാദ് സീസണിന്റെ ഭാഗമായി വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ് ഫുട്ബാളിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്.
22 പേരാണ് സംയുക്ത ടീമിലുള്ളത്. മുഹമ്മദ് അൽഉവൈസ്, അമീൻ ബുഖാരി (ഗോൾകീപ്പർമാർ) അബ്ദുല്ല അൽഅംറി, അലി ലഗാമി, സഊദ് അബ്ദുൽ ഹമീദ്, ജാങ് ഹ്യൂൻ സൂ, അബ്ദുല്ല മാദു, സുൽത്താൻ അൽഗനാം, ഖലീഫ അൽദോസരി, അലി അൽബുലൈഹി, ലൂയി ഗുസ്താവോ, അബ്ദുല്ല അൽഖൈബരി, അബ്ദുല്ല അതീഫ്, മുഹമ്മദ് കുനോ, സാലിം അൽദോസരി, സാമി അൽനജ്ഇ, മാത്യൂസ് പെരേര, താലിസ്ക, ബെറ്റി മാർട്ടിനെസ്, അന്ദ്രിയ കാരിയോ, മൂസ മരിഗ എന്നിവരാണ് ടീം അംഗങ്ങൾ.
ക്യാപ്റ്റനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ക്യാപ്റ്റൻ ആം ബാൻഡ് റൊണാൾഡോയെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അണിയിക്കുകയും ചെയ്തിരുന്നു. അർജന്റീനക്കാരൻ മാർസലോ ഗല്ലാർഡോ ആണ് ടീം പരിശീലകൻ. വ്യാഴാഴ്ച രാത്രി എട്ടിനാണ് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക് മുമ്പെ വിറ്റുപോയിരുന്നു.
മത്സരം ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് ഒരിക്കൽ കൂടി വഴിയൊരുക്കുകയാണ്. 2020 ഡിസംബറിലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. അന്ന് ക്രിസ്റ്റ്യാനോ നയിച്ച യുവന്റസ് മെസ്സി നയിച്ച ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല