1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2023
ചിത്രം: മാതൃഭൂമി

സ്വന്തം ലേഖകൻ: ഏറെ നാളായി നാടിന്റെ ഉറക്കം കെടുത്തിയ പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പി.ടി സെവനിന് പിടിവീണു. കടുത്ത പരിശ്രമത്തിനൊടുവില്‍ കൊമ്പനെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രത്യേക കൂട്ടിലാക്കുന്ന പി.ടി. സെവനിന് കുങ്കിയാനയാകാനുള്ള പരിശീലനം നല്‍കും.

യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക കൂട്ടിലാകും പി.ടി സെവനെ തളയ്ക്കുക. മൂന്നു മാസത്തേക്ക് കൂട്ടില്‍ നിന്നും പുറത്തിറക്കില്ല. ആക്രമ സ്വഭാവം പ്രകടിപ്പിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷമാകും പുറത്തെത്തിക്കുക.

ഫോറസ്റ്റ് സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 72 അംഗ ദൗത്യ സംഘം ഞായറാഴ്ച രാവിലെ 7.10 നാണ് പി.ടി സെവനിനെ മയക്കുവെടി വെച്ചത്. 45 മിനിറ്റിനുള്ളില്‍ മയക്കത്തില്‍ വീണ ആനയെ കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചത്.

ഇതിനിടെ പ്രകോപിതനായ പി.ടി സെവന്‍ സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ ആക്രമിക്കാനുള്ള ശ്രമവും നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ആനയെ ലോറിയില്‍ കയറ്റാനായത്.

മാസങ്ങളായി ധോണിയെ വിറപ്പിച്ച കാട്ടാനയാണ് ഒടുവില്‍ പിടിയിലായത്. കാട്ടാന ഭീതി കാരണം പൊറുതി മുട്ടിയ പ്രദേശവാസികള്‍ ആന പിടിയിലായതോടെ വലിയ ആശ്വാസത്തിലാണ്. സാധാരണ ഗതിയില്‍ നാട്ടിലിറങ്ങുന്ന ആനകളെ സോളാര്‍ ഫെന്‍സിങ്ങ് വഴിയും, ടോര്‍ച്ചു തെളിച്ചും പടക്കം പൊട്ടിച്ചുമൊക്കെയാണ് തുരത്തുക. എന്നാല്‍ പി.ടി സെവന്‍ ഇത്തരത്തിലുള്ള മാര്‍ഗങ്ങളിലൂടെയൊന്നും പിന്‍വാങ്ങാറില്ലായിരുന്നു.

പടക്കം പൊട്ടിക്കുന്ന ആള്‍ക്കു നേരെ പ്രകോപിതനായി പാഞ്ഞടുക്കാറാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ തോതിലുള്ള കൃഷിനാശമാണ് പി.ടി സെവന്‍ പ്രദേശത്തുണ്ടാക്കിയത്. പിടിയിലാകുന്നതിനു തൊട്ടു മുമ്പും നെല്‍കൃഷി ഉള്‍പ്പടെ നശിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.