![](https://www.nrimalayalee.com/wp-content/uploads/2021/12/PT-Thomas-MLA-Passed-Away.jpeg)
സ്വന്തം ലേഖകൻ: അന്തരിച്ച തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിടി തോമസിന് യാത്രാ മൊഴിയേകി ജന്മനാടായ ഇടുക്കി. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ എത്തിച്ച മൃതദേഹം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പാലാ, ഇടുക്കി ബിഷപ്പുമാര്‍ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലും വഴിയോരത്തുമായി ജനം തടിച്ചുകൂടി.
തൊടുപുഴയില്‍ രാജീവ് ഭവനിലെ പൊതു ദര്‍ശനത്തിന് ശേഷം പി ടി തോമസിന്റെ മൃതദേഹം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലമായ എറണാകുളത്തേക്ക് എത്തിച്ചു . എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനമുണ്ടാകും. മൂവാറ്റുപുഴയിലും പിടി തോമസിന് നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
എറണാകുളം ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനം. തുടര്‍ന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.
അര്‍ബുദരോഗ ബാധിതനായി വെല്ലൂരില്‍ ചികില്‍സയിൽ ആയിരിക്കെയാണ് ഇന്നലെ പി ടിയുടെ അന്ത്യം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് നിലവില്‍ പിടി തോമസ്. 2009-2014 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പി ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല