സ്വന്തം ലേഖകന്‍: ലോക ചാമ്പന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയ സംഭവം വിവാദമാകുന്നു, തീരുമാനത്തില്‍ പിടി ഉഷയ്ക്കും പങ്കെന്ന് ആരോപണം, ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പിടി ഉഷ. ഏഷ്യന്‍ ചാമ്പ്യന്‍ പി.യു. ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയ്ക്കും പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ സിങ് രണ്‍ധാവ വെളിപ്പെടുത്തിയതിന് പിന്നാലെ കേരള അത്‌ലറ്റിക് അസോസിയേഷനും രംഗത്തെത്തി.
സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്ര നടത്തുന്നതെന്ന നിരീക്ഷണം വന്നപ്പോള്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റും സെക്രട്ടറിയും നിരീക്ഷകയായ പി.ടി. ഉഷയും അതിനെ അനുകൂലിച്ചെന്നാണ് രണ്‍ധാവയുടെ വെളിപ്പെടുത്തല്‍. സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ലെന്നും സര്‍ക്കാറിന്റെ നിരീക്ഷക എന്നുള്ള ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നുമാണ് കേരള അത്‌ലറ്റിക് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കഴിഞ്ഞദിവസം ഉഷ പറഞ്ഞിരുന്നു.
കേരള അത്‌ലറ്റിക്‌സിന് ഗുണകരമായ രീതിയിലല്ല ഉഷ പെരുമാറിയതെന്ന് സംസ്ഥാന അസോസിയേഷന്‍ പറയുന്നു. ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് വ്യക്തമാക്കി ദേശീയ അത്‌ലറ്റിക് ഫെഡറേഷന് കത്തയക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ എക്‌സിക്യുട്ടീവ് യോഗം ഉഷയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആഞ്ഞടിച്ച പി.ടി ഉഷ ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മലയാളത്തിലെ ദൃശ്യ മാധ്യമരംഗത്തെ അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും സ്ത്രീ പീഡനമാണെന്നും അവര്‍ ആരോപിച്ചു. ദൃശ്യ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതില്‍ അപ്പുറമാണ്. മാതാവിനും ഭര്‍ത്താവിനും സഹോദരി സഹോദരന്മാര്‍ക്കും ഏകമകനോടൊപ്പവും മനസമാധാനത്തോടും സന്തോഷത്തോടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്. അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ലെന്നും ഉഷ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല