സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. എല്ലാ അനധികൃത താമസക്കാര്‍ക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതല്‍ പൊതുമാപ്പ് നിലവില്‍ വരും. എന്നാല്‍, നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 15 മുതല്‍ മൂന്നു മാസത്തേക്കാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളം എടുത്തു സൗദിയിലേക്കു തിരിച്ചുവരുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലാവധിയില്‍ ഉണ്ടാവില്ലെന്നതാണ് എറ്റവും അനുകൂല ഘടകം. യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി ലേബര്‍ ഓഫീസ് മുഖേനെയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്. എപ്രില്‍ 12 വരെയാണു പൊതുമാപ്പ് കാലാവധി.
ജനുവരി 15 മുതല്‍ 90 ദിവസത്തേക്കാണ് പൊതുമാപ്പിന്റെ കാലാവധി. പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സമ്പൂര്‍ണ ദേശീയ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഈ പ്രഖ്യാപനമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
ഈ പദ്ധതിയുടെ ഒന്നാംഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടമാണ് 90 ദിവസത്തെ പൊതുമാപ്പ്. മൂന്നാംഘട്ടം റജബ് മാസം 17 ആയ ഏപ്രില്‍ 13ന് തുടങ്ങും.
അനധികൃത താമസക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ യാത്രാനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തൊഴില്‍മന്ത്രാലയത്തിന്റെ ഓഫീസുകളുമായി ബന്ധപ്പെടണം. പിന്നീട് അന്തിമ എക്‌സിറ്റ് വിസ അനുവദിക്കുന്നതിന് പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കണം.
പൊതുമാപ്പിന്റെ ആനുകൂല്യം തൊഴില്‍ താമസ നിയമലംഘകര്‍ക്ക് മാത്രമല്ലെന്നും യാചന നടത്തുന്നവര്‍, ഹജ്ജ്, ഉംറ, വിസിറ്റ് എന്നീ വിസകളുടെ കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താത്തവരെ പിടികൂടുകയാണ് മൂന്നാം ഘട്ട പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല