പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അതേ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ 25 ശതമാനം വരെ അധിക വേതനം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗത്തും സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന വേതനം വളരെ കുറവാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടിച്ചുരുക്കുകയാണങ്കില്‍ ഗവണ്‍മെന്റിന് വര്‍ഷം 6.3 ബില്യണിന്റെ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വെസ്റ്റ് മിനിസ്റ്റര്‍ ആസ്ഥാനമായ ഒരു പോളിസ് എക്‌സ്‌ചേഞ്ച് കമ്പനി നടത്തിയ അന്വേഷണത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുളള വേതനം കൂടുതലാണ് എന്ന കണ്ടെത്തലുണ്ടായത്. വേതനവും പെന്‍ഷനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പോളിസി എക്‌സ്‌ചേഞ്ച് പഠനം നടത്തിയത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളേക്കാള്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ് പൊതുമേഖലയിലെ തൊഴിലാളികള്‍ എന്ന വസ്തുത ഡൗണിങ്ങ് സ്ട്രീറ്റുമായി അടുത്ത വൃത്തങ്ങള്‍ ശരിവച്ചു.
പുതിയ വെളിപ്പെടുത്തലോടെ പൊതുമേഖലയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ നീക്കം ശക്തിപ്പെടുമെന്നാണ് സൂചന. രാജ്യത്തെ നിലവിലുളള വേതന വിലപേശല്‍ സമ്പ്രദായം സമ്പദ് വ്യവസ്ഥയ്ക്കും ഒപ്പം പൊതുമേഖലയ്ക്കും ദോഷകരമാണന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ മാത്യൂ ഓക്‌ലേ പറയുന്നു. എന്നാല്‍ സ്വകാര്യമേഖലയും പൊതുമേഖലയും തമ്മിലുളള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് തൊഴിലാളി യൂണിയനായ യൂണിസണിന്റെ ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല