സ്വന്തം ലേഖകൻ: പൊതു ധനത്തിലെ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്താന്‍ പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയ ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വരും നാളുകളില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനയും നല്‍കി. താന്‍ ഭയന്നതിലും മോശമായ സാമ്പത്തിക സ്ഥിതി അവശേഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന്, ജനപ്രതിനിധി സഭയില്‍ നടത്തിയ ഒരു സുപ്രധാന പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. റുവാണ്ടന്‍ പദ്ധതി ഉള്‍പ്പടെ, ഏറേ ചെലവുകള്‍ വരുത്തിയ ആറ് നയങ്ങള്‍ ചൂണ്ടിക്കാട്ടി, കരുതല്‍ ധനം കുറഞ്ഞിരിക്കുകയാണെന്നും റേച്ചല്‍ റീവ്‌സ് പറഞ്ഞു.
അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ബജറ്റില്‍ നിശ്ചയിച്ചതിനേക്കാള്‍ 6.4 ബില്യണ്‍ പൗണ്ടാണ് അധിക ചെലവ് വന്നത്. ട്രാന്‍സ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 1.6 ബില്യന്‍ പൗണ്ടും അധിക ചെലവ് വന്നു. പല റോഡ് പദ്ധതികളും നിര്‍ത്തി വയ്ക്കുന്നതിന് ഉദ്ദേശിക്കുന്നതായി അവര്‍ പറഞ്ഞു. സ്റ്റോണ്‍ഹെഞ്ചിന് താഴെയുള്ള ടണലും ഇതില്‍ ഉള്‍പ്പെടും. വിവിധ വകുപ്പുകള്‍ പണം മിച്ചം പിടിക്കുന്നതിനുള്ള പദ്ധതികളും ഉണ്ട്. എന്നാല്‍, അതുകൊണ്ട് മതിയാകില്ലെന്നും പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കാത്ത ഏകദേശം 10 മില്യന്‍ പെന്‍ഷന്‍കാര്‍ക്ക് ശൈത്യകാലത്ത് നല്‍കിക്കൊണ്ടിരുന്ന വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് നിര്‍ത്തലാക്കുകയാണെന്നും അവര്‍ പറഞ്ഞു.
300 പൗണ്ടായിരുന്നു വിന്റര്‍ ഫ്യുവല്‍ പെയ്‌മെന്റ് ആയി നല്‍കിയിരുന്നത്. ഇത് നിര്‍ത്തലാക്കുക വഴി സര്‍ക്കാരിന് 1.5 ബില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അതുപോലെ നേരത്തെ ഹെല്‍ത്ത് സെക്രട്ടറി 2025 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാഗ്ദാനം നല്‍കിയ സോഷ്യല്‍ കെയര്‍ കോസ്റ്റിനു മേലുള്ള ക്യാപ് മരവിപ്പിക്കുകയും ചെയ്തു. സ്വകാര്യ സ്‌കൂളുകള്‍ക്ക് മേലുള്ള വാറ്റ്, പ്രതീക്ഷിച്ചതിലും നേരത്തെ അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍ ഫീസ് മുന്‍കൂറായി നല്‍കുന്നവരെ എല്ലാം ഈ നികുതിയും ബാധിക്കും.
ഇതിനെല്ലാം പുറമെ ഇനിയും ബാക്കിയുള്ള 16.4 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്താന്‍, ഓക്ടോബര്‍ 30ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. ഇന്‍ഹെരിറ്റന്‍സ് ടാക്സ്, ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് എന്നിവയെയാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇന്‍കം ടാക്സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാവുകയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്ന മുന്നറിയിപ്പുണ്ടായിട്ടും, പൊതുമെഖലയിലെ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ദ്ധനാ നിര്‍ദ്ദേശം റീവ്‌സ് പൂര്‍ണ്ണമായും സ്വീകരിച്ചു. പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ശമ്പള വര്‍ദ്ധനവ് സര്‍ക്കാര്‍ ഖജനാവിന് 9.4 ബില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യത വരുത്തി വയ്ക്കും എന്നാണ് കരുതുന്നത്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം 22 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. അത് ഇനിയും അധിക ചെലവ് വരുത്തി വയ്ക്കും. മാത്രമല്ല, ഇത് വീണ്ടും പണപ്പെരുപ്പത്തിന് ഇടയാക്കിയേക്കും എന്ന ആശങ്ക ഉയര്‍ത്തുന്നതിനാല്‍ ഒരുപക്ഷെ ഈയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പല്ലിശ നിരക്ക് കുറച്ചേക്കില്ല. അദ്ധ്യാപകര്‍ക്കും നഴ്സുമാര്‍ക്കും 5.5 ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിക്കുമ്പോള്‍, സൈനികര്‍ക്ക് ആറു ശതമാനത്തിന്റെ വര്‍ദ്ധനവ് ലഭിക്കും. ജയില്‍ ജീവനക്കാര്‍ക്ക് അഞ്ചു ശതമാനത്തിന്റെയും പോലീസുകാര്‍ക്ക് 4.75 ശതമാനത്തിന്റെയും ശമ്പള വര്‍ദ്ധനവ് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല