സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാക്‌വിരുദ്ധ വികാരം ശക്തമാകുന്നു; പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ബോളിവുഡില്‍ വിലക്ക്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ.
പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിര്‍ദേശമുണ്ടായാല്‍ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ‘ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും രാജ്യത്തോടൊപ്പം നില്‍ക്കുന്നു,’ അതിനാല്‍ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നും സംഘടന അറിയിച്ചു.
രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടി വരുമെന്നും എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും പാക്ക് താരങ്ങള്‍ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ആ സമയത്ത് പാക്ക് താരങ്ങളെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്ന ഏതാനും സിനിമകള്‍ പ്രതിസന്ധിയിലായി. ഒരുപാട് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ചിത്രങ്ങള്‍ പുറത്തിറങ്ങിയത്.
ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കുക, അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിക്കുക, പാക് സിനിമാ താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുക, ഇന്ത്യയിലെ ഒന്നിലേറെ സ്റ്റേഡിയങ്ങളില്‍ നിന്ന് പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ശക്തമായ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല