സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് ചെയര്‍മാന്‍ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സമരം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കുമെന്ന് വിദ്യാര്‍ത്ഥികളോട് ചെയര്‍മാന്റെ ഭീഷണി. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് അയച്ചു.
വിദ്യാര്‍ഥികളുമായി ഇനി യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇന്‍സ്റ്റിട്യൂട്ട് അധികൃതര്‍. ബിജെപി നേതാവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ ആഴ്ചകളായി സമരത്തിലാണ്. കഴിഞ്ഞ ദിവസം സമര നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലസിയിരുന്നു.
സ്ഥാനമൊഴിയാന്‍ തയ്യാറല്ലെന്ന് നിയുക്ത ചെയര്‍മാന്‍ ചൌഹാനും വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡയറക്ടറുടെ നോട്ടീസ്. സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളെ ! പുറത്താക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡയറക്ടര്‍ ഡി ജെ നരേന്‍ പറഞ്ഞു.
ചെയര്‍മാന്റെ നിയമനത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും അതിനാല്‍ സമരം അവസാനിപ്പിക്കണമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. എന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല