സ്വന്തം ലേഖകൻ: കന്നഡ സിനിമയുടെ രാജകുമാരൻ ‘പവർസ്റ്റാർ’ പുനീത് രാജ്കുമാർ അകാലത്തിൽ വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് ആരാധകർ. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന, ഫിറ്റ്നസിൽ ശ്രദ്ധാലുവായ താരത്തിന്റെ മരണത്തോടെ പൊടുന്നനെ ആശുപത്രികളിൽ തിരക്കേറി. ആശുപത്രികളിൽ ഹൃദയസംബന്ധമായ പരിശോധനകൾ വർധിച്ചെന്നാണു റിപ്പോർട്ട്.
ബെംഗളൂരുവിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായാണ് ഇത്രയധികം ആൾക്കൂട്ടമെന്ന് അധികൃതർ പറഞ്ഞു. വരുന്നവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രം, ഹൃദയത്തിന് കുഴപ്പമെന്തെങ്കിലും ഉണ്ടോയെന്നറിയുക. കർണാടകയിലെ ഹാസൻ ജില്ലയിൽനിന്ന് 46 വയസ്സുള്ള നാരായൺ അമ്മാവനൊപ്പമാണ് എത്തിയത്.
“പുനീത് സാറിന്റെ മരണത്തോടെ ഇനി റിസ്ക് എടുക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു. നെഞ്ചിൽ ചെറിയൊരു വേദന തോന്നുന്നുണ്ട്. കൂടുതലൊന്നും ആലോചിക്കാതെ 180 കിലോമീറ്റർ യാത്ര ചെയ്ത് ഇവിടേക്കു വരികയായിരുന്നു,“ നാരായൺ എൻഡിടിവിയോടു പറഞ്ഞു.
പുനീതിന്റെ മരണശേഷം ഹൃദയ പരിശോധനകളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായെന്നു ഡോക്ടർമാർ പറയുന്നു. ‘കഴിഞ്ഞ മൂന്നു വർഷമായി ധാരാളം രോഗികൾ ആശുപത്രിയിൽ വരാറുണ്ട്. പ്രതിദിനം ആയിരത്തോളം രോഗികൾക്കാണു ചികിത്സ നൽകാറുള്ളത്. ഇപ്പോൾ ഏതാണ്ട് 1800 പേരാണു ദിവസവും വരുന്നത്.
ഇതു ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി സംവിധാനത്തിനും വലിയ സമ്മർദമുണ്ടാക്കുന്നതായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സി.എൻ.മഞ്ജുനാഥ് വ്യക്തമാക്കി. കർണാടകയിൽ ഒട്ടുമിക്ക ആശുപത്രികളിലും ഹൃദയ പരിശോധനകളുടെ എണ്ണം കൂടിയെന്നു റിപ്പോർട്ടിൽ പറയുന്നു. ചെറുപ്പക്കാരാണു കൂടുതലായി വരുന്നത്.
ആശങ്കപ്പെടേണ്ടതില്ലെന്നും പാരമ്പര്യമായോ ഒന്നിലേറെ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും ഡോക്ടർമാർ വിശദീകരിക്കുന്നുണ്ട്. ഇതോടൊപ്പം ജിമ്മുകൾക്കെതിരായുള്ള വാർത്തകളും പ്രചരിക്കുകയാണ്. വീട്ടിലെ ജിംനേഷ്യത്തിൽ വർക്കൗട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണു പുനീതിനു ഹൃദയാഘാതം സംഭവിച്ചത്. സംസ്ഥാനത്തെ ജിമ്മുകളെ പ്രവർത്തനത്തിനു മാർഗനിർദേശം നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല