1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2021

സ്വന്തം ലേഖകൻ: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉൾപ്പെടെ ആശുപത്രിയിലെത്തിയിരുന്നു.

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. പവർ സ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സഹോദരൻ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പർ താരമാണ്. നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലും പേരെടുത്തിരുന്നു. അമ്മ പാർവതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കൾ: ധൃതി, വന്ദിത.

രാജ്കുമാറിന്റെയും പാർവതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ൽ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോൾ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി. രാജ്കുമാറിനൊപ്പം കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകളിൽ പോകുമായിരുന്നു.

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങൾക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.

2002 ൽ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അൻജാനി പുത്ര, പവർ, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാർവഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാലിനൊപ്പം ‘മൈത്രി’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോൻ ബനേഗാ ക്രോർപതിയുടെ കന്നഡ പതിപ്പായ കന്നഡദ കോട്യധിപതി എന്ന ടിവി ഷോ അവതരിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.