സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ പരിഹസിക്കുന്ന ട്രോളുകളിട്ടാല്‍ കുടുങ്ങും, ശക്തമായ നടപടികളുമായി കേന്ദ്രം. വനിതകളെ പരിഹസിച്ചും അപമാനിച്ചും കൊണ്ടുമുള്ള ഓണ്‍ലൈന്‍ പ്രവൃത്തികള്‍ കുറ്റകരമായി കണക്കാക്കുമെന്ന് ദേശീയ വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ക്കും കമന്റുകള്‍ക്കും വിധേയരാവേണ്ടി വരുന്നുണ്ട്. തുടക്കത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതില്‍ ഓപ്പറേറ്റര്‍മാര്‍ വിമുഖത കാണിച്ചിരുന്നു, എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. വിവരങ്ങള്‍ കൈമാറാന്‍ അവര്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ പെരുമാറ്റം സംബന്ധിച്ച് ഒരു പ്രത്യേക ചട്ടമുണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ കരട് പുറത്തിറക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും സ്ത്രീപീഡനവും തടയുന്നതിനു കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്നും മേനക ഗാന്ധി പറഞ്ഞു.
ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പരിചയമുള്ള പത്തു പേര്‍ക്കു വിവരം ലഭിക്കുന്ന രീതിയില്‍ പ്രത്യേക മൊബൈല്‍ ആപ് സ്ത്രീ സുരക്ഷക്കായി തയാറാക്കുമെന്നും വനിത നയത്തിന്റെ കരടു രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല