സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ആറാമത്തെ ഭീകരനും കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്ത്. നേരത്തെ പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രത്തില്‍ ആക്രമണം നടത്തിയത് ജയ്‌ഷെ മുഹമ്മദ് ആണെന്നായിരുന്നു നിഗമനം. എന്നാല്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വാഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് രംഗത്തെത്തി.
ആക്രമണം നടത്തിയ ആറാമത്തെ ഭീകരനെയും സൈന്യം വധിച്ചതിനു പിന്നാലെയാണ് സംഘടന രംഗത്തെത്തിയത്. കാശ്മീരിലെ ഭീകര സംഘടനകളുടെ പൊതു വേദിയാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍. എന്നാല്‍, യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ അവകാശവാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളാണ് ജയ്‌ഷെ മുഹമ്മദ്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും ജയ്‌ഷെ മുഹമ്മദായിരുന്നു. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കിനെക്കുറിച്ച് പാകിസ്താന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞിരുന്നു.
ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കാനും ആക്രമണത്തിന് പിന്നിലെ ശക്തികളെ അറസ്റ്റ് ചെയ്യാനും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എത്തിയിരിക്കുന്നത്.
ഹിസ്ബുല്‍ മുജാഹിദീന്റെ തലവന്‍ സയ്യിദ് സലാഹുദ്ദിനാണ് യുണൈറ്റഡ് ജിഹാദ് കൗണ്‍സിനു നേതൃത്വം നല്‍കുന്നത്. പാകിസ്താന്റെ പിന്തുണയോടെയാണ് ഈ സംഘടനയും പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല