സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഭീകരാക്രമണം, സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ആറു പേരെ കൊലപ്പെടുത്തി. സൈനിക വേഷം ധരിച്ച് കാറിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥന് ഉള്‍പ്പടെ ആറുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ മൂന്നുപേര്‍ പോലീസുകാരാണ്. ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാത്രി പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ നാലു ഭീകരര്‍ മോഷ്ടിച്ച മാരുതി ആള്‍ട്ടോ കാറില്‍ ഗുര്‍ദാസ്പൂരില്‍ എത്തുകയായിരുന്നു.
പോകുന്ന വഴി ഭീകരര്‍ ഒരു ബസ്സിന് നേരെ നിറയൊഴിക്കുകയും നാല് ബസ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഗുര്‍ദാസ്പൂരിലെ ദിനനഗറിലെത്തിയ സംഘം ഒരു ആരോഗ്യകേന്ദ്രത്തിലേക്ക് വെടിവെച്ചു. തുടര്‍ന്ന് പോലീസുകാരും കുടുംബവും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് ഗ്രനേഡെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പിന്നീടാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പോലീസുകാര്‍ ശക്തമായി തിരിച്ചടിച്ചു. മൂന്നു പോലീസുകാരും ഒരു ഭീകരനും മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയോടിയ മൂന്നുഭീകരര്‍ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്.
പോലീസുകാരും സൈനികരും കമാന്‍ഡോകളും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ്. അതിനിടെ ദിനനഗറിനും പത്താംകോട്ടിനുമിടയിലെ റയില്‍വെ ട്രാക്കില്‍ നിന്ന് അഞ്ചുബോംബുകളും കണ്ടെത്തി. രണ്ടുബോംബുകള്‍ ദിനനഗര്‍ പോലീസ് സ്റ്റേഷന് തൊട്ടുമുമ്പിലെ റയില്‍വെ ട്രാക്കില്‍ നിന്നാണ് കണ്ടെത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല