സ്വന്തം ലേഖകന്‍: തൊഴിലുടമയുടെ ക്രൂരപീഡനം, സമൂഹ മാധ്യമത്തിലൂടെ സഹായം അഭ്യര്‍ഥിച്ച ഇന്ത്യന്‍ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശിനിക്കാണ് സുഷമാ സ്വരാജിന്റെ സഹായം. യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സഗ്രുരില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നിനോടായിരുന്നു യുവതി സഹായം അഭ്യര്‍ഥിച്ചത്. യുവതിയുടെ വാര്‍ത്തയറിഞ്ഞ സുഷമാ സ്വരാജ് റിയാദിലെ ഇന്ത്യന്‍ എംബസിയോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുഷമ ട്വീറ്റും ചെയ്തു. സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 200 കി.മി പടിഞ്ഞാറുള്ള ദാവദ്മിയിലാണ് താനുള്ളതെന്നായിരുന്നു യുവതി സഹായഭ്യര്‍ഥന നടത്തിയ വീഡിയോയില്‍ പറഞ്ഞത്.
വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് താനെന്നും കഴിഞ്ഞ വര്‍ഷമാണ് സൗദി അറേബ്യയിലെത്തിയതെന്നും യുവതി പറയുന്നുണ്ട്. എന്നെ ദയവായി സഹായിക്കൂ. ഞാന്‍ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും ഹോഷിയാര്‍പുറിലെ പെണ്‍കുട്ടിയെ നിങ്ങള്‍ രക്ഷിച്ചില്ലേ? എന്നെയും രക്ഷിക്കവെന്നും യുവതി വീഡിയോയിലൂടെ അഭ്യര്‍ഥന നടത്തുന്നുണ്ട്.
പലദിവസങ്ങളിലും എനിക്ക് ഭക്ഷണം പോലും ലഭിച്ചിട്ടില്ല. ശാരീരികമായി എന്നെ ഉപദ്രവിക്കുന്നുണ്ട്. എന്നെ അവര്‍ ഒരു മുറിയില്‍ പൂട്ടിയിട്ടു. താന്‍ കൊല്ലപ്പെടുമോ എന്ന് ഭയക്കുന്നുവെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍ പഞ്ചാബില്‍ എവിടെ നിന്നാണെന്നോ പേരെന്താണെന്നോ യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല