സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടു ജോലിക്കായി ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ നാട്ടിലെത്തി, മോചനത്തിന് സഹായിച്ചത് മലയാളി നഴ്‌സ്. സൗദിയിലെ ഒരു കുടുംബത്തിലേക്ക് വീട്ടു ജോലിക്കായി ട്രാവല്‍ ഏജന്റ് വിറ്റ പഞ്ചാബി വീട്ടമ്മ സുഖ്‌വന്ത് കൗറാ (55) ണ് അഞ്ചു മാസത്തെ ദുരിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. 3.5 ലക്ഷം രൂപക്കാണ് ഏജന്റ് സൗദി കുടുംബത്തിന് കൗറിനെ വില്‍പ്പന നടത്തിയത്.
ജനുവരിയില്‍ അറബിയുടെ വീട്ടില്‍ എത്തിയ കൗറിനെ കാത്തിരുന്നത് കൊടിയ പീഡനങ്ങളും പട്ടിണിയുമായിരുന്നു. അതിനിടെ, ഗുരുതരമായി രോഗം ബാധിച്ചതോടെ കൗറിനെ അറബി ആശുപത്രിയിലാക്കി. അവിടെയുണ്ടായിരുന്ന ഒരു മലയാളി നഴ്‌സിന്റെ കാരുണ്യമാണ് അഞ്ചു മാസത്തിനു ശേഷം രക്ഷപ്പെടാന്‍ കൗറിനെ സഹായിച്ചത്. ബുധനാഴ്ച മുംബൈ വഴി കൗര്‍ പഞ്ചാബില്‍ തിരിച്ചെത്തി.
അറബിയുടെ വീട്ടില്‍ എത്തിയതു മുതല്‍ അടിക്കുകയും ചീത്തി വിളിക്കുകയും പലപ്പോഴും ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിടുകയും ചെയ്തിരുന്നതായി കൗര്‍ പറയുന്നു. പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രിവരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായി. വെജിറ്റേറിയനായ കൗറിന് മാംസ ഭക്ഷണം കഴിക്കേണ്ടിവന്നു. പീഡനങ്ങള്‍ക്കിടെ കൗര്‍ രോഗിയായതോടെ കൗറിനെ വീട്ടുടമ ആശുപത്രിയില്‍ കൊണ്ടുപോയി തള്ളി. ആശുപത്രിയിലെ ഒരു മലയാളി നഴ്‌സ് കൗറിന്റെ ദുരവസ്ഥ മനസ്സിലാക്കി കൗറിന്റെ നാട്ടിലുള്ള കുടുംബത്തെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ജലന്ധര്‍ ജില്ലയിലെ നുര്‍മഹാല്‍ സബ്ഡിവിഷനിലെ അജ്താനി സ്വദേശിനിയാണ് സുഖ്‌വന്ത് കൗര്‍. കുടുംബത്തിലെ സാമ്പത്തിക ബാധ്യതകള്‍ വീട്ടുന്നതിന് ഭര്‍ത്താവിന്റെ വരുമാനം കൊണ്ട് തികയാതെ വന്നതോടെയാണ് കൗര്‍ സൗദിയിലേക്ക് പോയത്. ആദ്യമൊക്കെ കൗര്‍ പതിവായി വിളിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് കുല്‍വന്ത് സിംഗ് പറയുന്നു. പിന്നീട് ഫോണ്‍ വിളി നിലച്ചതോടെ കുടുംബം ആശങ്കയിലായി. മെയ് ഏഴിനാണ് യു.എ.ഇ ആശുപത്രിയില്‍ നിന്നും മലയാളി നഴ്‌സിന്റെ ഫോണ്‍വിളി എത്തുന്നത്.
തുടര്‍ന്ന് തന്റെ സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിന് ട്വിറ്റര്‍ വഴി സന്ദേശം അയച്ചു. സന്ദേശത്തിന് ഉടന്‍ തന്നെ പ്രതികരണം എത്തുകയും 24 മണിക്കൂറിനകം ഭാര്യയെ നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്നും കുല്‍വന്ത് സിംഗ് പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കൗറിനെ മുംബൈയിലേക്ക് അയച്ചത്. കയ്യില്‍ പണമില്ലാതെ മുംബൈയില്‍ ഇറങ്ങിയ ഇവര്‍ക്ക് അമൃത്സറിലേക്ക് പോകാനുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കി. കൗറിനെ കെണിയിലാക്കിയ ഏജന്റിനെ പോലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല