1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2012

ലണ്ടന്‍ : പൊണ്ണത്തടി മൂലം ബ്രിട്ടനിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന യൂണിഫോമിന്റെ ശരാശരി സൈസ് 54 ഇഞ്ച് വരെയെന്ന് ഷോപ്പ് ഉടമകള്‍. 42 ഇഞ്ചിന്റെ ട്രൗസറും 54 ഇഞ്ചിന്റെ ബ്ലാസേഴ്‌സുമാണ് ഇവര്‍ക്ക് വേണ്ടിവരുന്നതെന്ന് ഷോപ്പുടമകള്‍ വ്യക്തമാക്കുന്നു. പ്രൈമറി സ്‌കൂളിലേകക് 40 ഇഞ്ചിന്റെ ജംപറുകള്‍ വരെ തങ്ങള്‍ സപ്ലെ ചെയ്തിട്ടുണ്ടെന്ന് ചില റീട്ടെയ്ല്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നു. ഒരു സാധാരണ മുതിര്‍ന്ന മനുഷ്യന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അളവ്. യുകെയില്‍ കുട്ടികളില്‍ അമിത വണ്ണം എന്ന അവസ്ഥ കൂടിവരികയാണന്നതിന്റെ തെളിവാണ് ഇതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥ വളരെ ദയനീയമാണന്നും അവര്‍ പറയുന്നു.

വലിയ സൈസിലുളള യൂണിഫോമുകള്‍ക്ക് വര്‍ഷം തോറും വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നതെന്നും നിര്‍മ്മാതാക്കളോട് ഓരോ വര്‍ഷവും കൂടുതല്‍ എണ്ണം നല്‍കാന്‍ ആവശ്യപ്പെടാറുണ്ടെന്നും യൂണിഫോം വില്‍ക്കുന്ന കടകളുടെ ഉടമകള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ വില്‍ക്കുന്ന ഓരോ അഞ്ചു പെയര്‍ യൂണിഫോം ട്രൗസറുകളിലും രണ്ടെണ്ണം സാധാരണ സൈസിലും ഇരട്ടിയിലുളളതാണന്ന് ബെര്‍ക്കന്‍ഹെഡിലെ വിറാല്‍ യൂണിഫോം സെന്ററിലെ കടയുടമ ചൂണ്ടിക്കാട്ടി. നിലവില്‍ കുട്ടികള്‍ക്ക് പതിനേഴര ഇഞ്ച് കോളറുകള്‍ ഉളള ഉടുപ്പുകളാണ് വില്‍ക്കുന്നത്. എന്നാല്‍ കടയില്‍ നിന്ന് വിറ്റ ഏറ്റവും ഉയര്‍ന്ന സൈസ് യൂണിഫോം 54 ഇഞ്ചിന്റേതാണന്ന് ഷോപ്പുടമ പീറ്റര്‍ വിബ്ബര്‍ലേ പറയുന്നു. അഞ്ച് വര്‍ഷം മുന്‍പ് വിറാലില്‍ നിന്ന് വിറ്റിരുന്ന യൂണിഫോമിന്റെ വലിയ സൈസ് 20 ഇഞ്ച് ആയിരുന്നു.

ഇപ്പോള്‍ പന്ത്രണ്ട് വയസ്സില്‍ താഴെയുളള പെണ്‍കുട്ടികള്‍ക്ക് പോലും 26 ഇഞ്ച് വേണ്ടിവരുന്നു. പൊണ്ണത്തടിയെന്ന പ്രശ്‌നം രാജ്യത്ത് കൂടി വരികയാണന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗവണ്‍മെന്റ് ഈ പ്രശ്‌നത്തെ അതിന്റെ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന പരാതിയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. അതിനാലാണ് വര്‍ഷങ്ങള്‍ കഴിയും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളായി വരുന്നത്. സ്‌കൂളുകളില്‍ സ്‌പോര്‍ട്ട്‌സിനും മറ്റും പ്രാധാന്യം നല്‍കുന്നില്ല. വ്യായാമത്തിന്റെ ആവശ്യകതയേക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നില്ല. ഇതൊക്കെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണം. ഒളിമ്പിക്‌സ് ജ്വരം രാജ്യത്ത് പടര്‍ന്നു പിടിച്ചിരിക്കുന്ന സമയത്തെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സ്‌പോര്‍ട്ട്‌സിനോടുളള താല്‍പ്പര്യം വളര്‍ത്താന്‍ ആവശ്യമായത് ചെയ്യണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.