ഇത് പുതിയ ലോകത്തിലെ വിരുതന്മാരാണ്. ക്ലാസില്‍ പോകാതിരിക്കുവാന്‍ വയറുവേദനയാണ്, പനിയാണ് എന്നൊക്കെ നുണ പറഞ്ഞിട്ടല്ലേ ഇത് വരെ ക്ലാസ് കട്ട് ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ കാലം മാറിയതിനു അനുസരിച്ച് കോലവും മാറ്റുകയാണ് ബ്രിട്ടനിലെ കുട്ടികള്‍. കാരണം അവര്‍ സ്കൂള്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു സ്കൂള്‍ ഇല്ലയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.
വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ ആണ് സംഭവം നടന്നത്. അവിടുത്തെ ജൂതരുടെ സ്കൂളില്‍ മഞ്ഞു വീഴ്ച ഉണ്ടായിരുന്നു എങ്കിലും തിങ്കളാഴ്ച പ്രവൃത്തിദിവസമായിരിക്കും എന്ന പ്രത്യേക അറിയിപ്പ് അവരുടെ വെബ്‌സൈറ്റില്‍ കൊടുത്തിരുന്നു. എന്നാല്‍ ഈ അറിയിപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാക്കികൊണ്ടാണ് ഹാക്കര്‍ വിരുതന്‍ പണി ആരംഭിച്ചത്.
അതിനു ശേഷം സ്കൂളില്‍ കുട്ടികള്‍ വരരുത് എന്ന ഉദ്ദേശത്തോടെ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കനത്ത മഞ്ഞു വീഴ്ച്ചയായതിനാല്‍ ഇന്ന് സ്കൂളിന് അവധി എന്ന് വ്യാജമെയിലും ഇവന്‍ അയച്ചു. ഈ മെയിലില്‍ സ്കൂളിന്റെ ഒരു വ്യാജവെബ്സൈറ്റിലേക്കുള്ള ലിങ്കും കൊടുത്തിരുന്നു. സംഭവം വലിയ രീതിയില്‍ തന്നെ സ്കൂളിനെ ബാധിച്ചു. ഈ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരുപാട് കുട്ടികള്‍ തിങ്കളാഴ്ച ക്ലാസില്‍ വന്നിരുന്നില്ല.
വെബ്സൈറ്റ് ഹാക്കിങ്ങിനു പിറകില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഉണ്ടെന്നു സ്കൂള്‍ സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കുട്ടിയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ സംഭവം ഫേസ്ബുക്കില്‍ ഒരു തരംഗം ഉണര്‍ത്തിയിരിക്കയാണ്. ഹാക്ക് ചെയ്തവരുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്തു വിദ്യാര്‍ഥികള്‍ ഇത് ആഘോഷിക്കുകയാണ്. ഇതിന്റെ പേരില്‍ സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. അതേസമയം സംഭവത്തിനെതിരെ സ്കൂള്‍ അധികൃതര്‍ പ്രതികരിക്കുന്നതിനു വിസമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല