സ്വന്തം ലേഖകന്‍: സൗദിയില്‍ അഴിമതി കേസില്‍ അറസ്റ്റിലായ പ്രമുഖരെ താമസിപ്പിച്ചിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിബിസി. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് പ്രതികളെ താമസിപ്പിച്ചിട്ടുള്ളത്. ഈ ഹോട്ടലിലേക്ക് ബിബിസി ലേഖികയ്ക്ക് പ്രവേശനം നല്‍കിയെങ്കിലും പ്രതികളുമായി നേരിട്ട് സംസാരിക്കാന്‍ അധികൃതര്‍ അവസരം നല്‍കിയിട്ടില്ല.
സൗദിയില്‍ അഴിമതി കേസില്‍ അറസ്റ്റിലായ രാജകുമാന്മാര്, വ്യവസായ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ പാര്‍പ്പിച്ച റിട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍നിന്നുള്ള ആദ്യ ടെലിവിഷന്‍ ചാനല്‍ വാര്‍ത്തയാണ് ബിബിസി പുറത്തുവിട്ടത്. റിയാദിലെ ആഡംബര ഹോട്ടലാണ് റിട്സ് കാള്‍ട്ടന്‍ ഹോട്ടല്‍. ഇതാദ്യമായാണ് അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചശേഷം ഈ ഹോട്ടലില്‍ ഒരു മാധ്യമ പ്രവര്‍ത്തക എത്തുന്നത്. അത്യാധുനിക സൗകര്യങ്ങളും മറ്റുമുള്ള ഈ ഹോട്ടലില്‍ മുന്തിയ റെസ്റ്റാറന്റുകള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യം, ഗെയിം ഹാള്‍ എന്നിവ സജജീകരിച്ചിട്ടുള്ളവയാണ്.
ഇവയെല്ലാം ബിബിസി റിപ്പോര്‍ട്ടില്‍ ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായരെയും അവരുടെ സംസാരവും ചിത്രീകരിക്കുവാന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ബിബിസിയുടെ ലേഖിക പറയുന്നു. അറസ്റ്റിലായവരെ ആദ്യം ഹോട്ടലിലെത്തിച്ചപ്പോള് ഫോണുകളും മറ്റും പിടിച്ചെടുത്തതിനാല്‍ മിക്കവരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതായാണ് വിവരം. പിന്നീട് ഇവര്‍ ശാന്തരായി. അറസ്റ്റിലായവരില്‍ തൊണ്ണൂറ്റഞ്ച് ശതമാനം പേരും വിട്ടയക്കുന്നതിന് പകരം സമ്പത്ത് രാജ്യത്തിന് തിരികെ കൊടുക്കാന്‍ സമ്മതിച്ചതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല