1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2023

സ്വന്തം ലേഖകൻ: പുതുപ്പള്ളിയില്‍ ചരിത്ര വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയിരിക്കുന്നത്. പിതാവിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പിന്തുണയുമുണ്ട് ചാണ്ടി ഉമ്മന്. 37,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് നല്‍കിയത്. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വോട്ടുകളുടെ എണ്ണം നാലക്കം തികയ്ക്കാനും സാധിച്ചില്ല.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ലഭിച്ച ലീഡ് അവസാനം വരെയും ചാണ്ടി ഉമ്മന്‍ നിലനിര്‍ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ചാണ്ടിക്ക് പിന്നിലാകേണ്ടി വന്നില്ല. ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ മാത്രം 5000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉറപ്പിച്ചത്. 5000ല്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്ത ഭൂരിപക്ഷമായ 9044ഉം മറികടന്ന് ചാണ്ടി ഉമ്മന്‍ മുന്നേറി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഭൂരിപക്ഷം പതിനായിരവും ഇരുപതിനായിരവും കടന്ന് നാല്‍പതിനായിരത്തില്‍ വരെ ഒരുഘട്ടത്തില്‍ എത്തി. ഉമ്മന്‍ചാണ്ടി തന്നെ മണ്ഡലത്തില്‍ നേടിയ 33,000 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ മറി കടന്നത്. 2011ല്‍ സിപിഐഎമ്മിന്റെ സൂസന്‍ ജോര്‍ജിനെതിരെയാണ് ഉമ്മന്‍ചാണ്ടി 33,255 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയത്.

ഉമ്മന്‍ചാണ്ടിയോട് രണ്ട് തവണ പരാജയപ്പെട്ട ജെയ്ക് ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു. കഴിഞ്ഞ തവണ ജെയ്കിന് 54,328 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ പതിനായിരത്തിലധികം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച മണിക്കൂറുകളില്‍ തന്നെ നിരാശയായിരുന്നു ജെയ്കിന് ഫലം. എല്ലാ പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്‍ ലീഡ് പിടിച്ചപ്പോള്‍, സ്വന്തം മണ്ഡലമായ മണര്‍കാട് പോലും ജെയ്കിനെ തുണച്ചില്ല. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായ പഞ്ചായത്തുകളില്‍ ഒന്നാണ് മണര്‍കാട്. കഴിഞ്ഞ തവണ ജെയ്ക് മുന്നിലെത്തിയ ബൂത്തുകളിലും ചാണ്ടി മുന്നേറി.

ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസായിരുന്നു എഎപി സ്ഥാനാര്‍ത്ഥി. പി കെ ദേവദാസ്, ഷാജി, സന്തോഷ് പുളിക്കല്‍ എന്നിവര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായും പുതുപ്പള്ളിയില്‍ മത്സരരംഗത്തുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 72.86 ശതമാനം പേര്‍ വോട്ട് ചെയ്‌തെന്നാണ് ഔദ്യോഗിക കണക്ക്.

ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഇത് അപ്പയുടെ പതിമൂന്നാം വിജയമാണ്. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. വികസനതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. വികസനവും കരുതലുമായി അമ്പത് വര്‍ഷക്കാലം ഉമ്മന്‍ചാണ്ടി ഇവിടെ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ച ഇവിടെ ഉണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരും സമന്മാരാണ്. പുതുപ്പള്ളിയിലെ വികസനത്തിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാം. ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്തേക്ക് പ്രശ്‌നങ്ങളുമായി വരാമായിരുന്നു. അതേപോലെ ഞാനും കയ്യെത്തും ദൂരത്തുണ്ടാവും. പാര്‍ട്ടിയോ ജാതിയോ മതമോ പ്രശ്‌നമല്ല. നാടിന് വേണ്ടി ഒന്നിച്ചു നീങ്ങാം.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ മുതിര്‍ന്ന നേതൃത്വത്തിന് നന്ദി പറഞ്ഞ ചാണ്ടി ഉമ്മന്‍ എ കെ ആന്റണി നല്‍കിയ പിന്തുണയെ പ്രത്യേകം എടുത്തു പറഞ്ഞു. കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, റോജി എംജോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ചാണ്ടി ഉമ്മന്‍ നന്ദി പറഞ്ഞു.

പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനം നല്‍കിയ മറുപടിയാണ് പുതുപ്പള്ളിയിലെ ജയമെന്നാണ് വിമര്‍ശനം. കമ്മ്യൂണിസമെന്ന പൈശാചികതയെ കോണ്‍ഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങള്‍ നേരിട്ടുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ എല്‍ഡിഎഫിന് ജനം നല്‍കിയ പ്രഹരമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.