
സ്വന്തം ലേഖകൻ: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസിനായി മത്സരിക്കും. സെപ്തംബര്‍ അഞ്ചിനായിരിക്കും തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
“വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ചെയ്യാവുന്ന വിധം ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റും. 53 വര്‍ഷം പിതാവ് നിന്ന മണ്ഡലമാണ്. അതിനോട് ചേര്‍ന്ന് നില്‍ക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്,” ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുള്ളയാള്‍ക്ക് മുന്‍ഗണനയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു അച്ചു ഉമ്മന്‍ സ്വീകരിച്ചത്. സിപിഎമ്മില്‍ നിന്ന് യുവനേതാവ് ജെയ്ക് സി തോമസിനാണ് മുന്‍തൂക്കം. 2019 നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ എത്തിക്കാന്‍ ജെയ്ക്കിനായിരുന്നു.
പുതുപ്പള്ളിക്ക് പുറമെ ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 വരെ നോമിനേഷനുകള്‍ നല്‍കാം. ഓഗസ്റ്റ് 21 ആണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി.
അതേസമയം പളളിപ്പെരുന്നാൾ കണക്കിലെടുത്ത് സെപ്തംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്താണ് കോൺഗ്രസ് ആവശ്യം.
വോട്ടെണ്ണൽ നടക്കുന്ന സെപ്തംബർ എട്ടിന് മണർക്കാട് പളളിയിൽ പ്രധാന പെരുന്നാളാണ്. ഈ സമയത്ത് ഉണ്ടാകുന്ന ജനത്തിരക്കും ഗതാഗത തിരക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കണമെന്നും കോൺഗ്രസ് അപേക്ഷയിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല