പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടെ “ബിഗ് ബോസ്’ വ്ളാഡിമിര്‍ പുടിന്‍റെ മൂന്നാമൂഴത്തിന് മണിമുഴക്കി റഷ്യക്കാര്‍ ഇന്നലെ പോളിങ് ബൂത്തിലെത്തി. ഡിസംബറില്‍ നടന്ന സ്റ്റേറ്റ് ഡ്യൂമ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് പൊതുജനം പുടിനെതിരേ തെരുവിലിറങ്ങിയെങ്കിലും വിജയമുറപ്പിച്ചു തന്നെയാണ് മുന്‍ പ്രസിഡന്‍റ് വോട്ടെടുപ്പിനെ സമീപിച്ചത്. 90,000 പോളിങ് ബൂത്തുകളിലായി 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ തെരഞ്ഞെടുപ്പിന് റഷ്യ സാക്ഷ്യം വഹിച്ചു.
ഒരുലക്ഷത്തോളം വെബ്ക്യാമറകള്‍ ബൂത്തുകളില്‍ സ്ഥാപിച്ചാണ് തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പിക്കാന്‍ പുടിന്‍ ശ്രമിച്ചത്. ബാലറ്റ് പേപ്പറുകള്‍ നിക്ഷേപിക്കാന്‍ സുതാര്യ ബോക്സുകളും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയോഗികള്‍ ഇതിനെ കണ്ണില്‍പ്പൊടിയിടലായാണ് വിശേഷിപ്പിച്ചത്.
മോസ്കൊയില്‍ ഭാര്യ ലുഡ്മിലയ്ക്കൊപ്പമെത്തി പുടിന്‍ വോട്ട് രേഖപ്പെടുത്തി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഏറെ പ്രധാനമാണെന്നും ജനം ഉത്തരവാദിത്വത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കമ്യൂണിസ്റ്റ് നേതാവ് ഗെന്നഡി സ്യുഗനോവാണ് പുടിന്‍റെ പ്രധാന എതിരാളി. നാലാംതവണയാണ് സ്യുഗനോവ് പുടിനെതിരേ മത്സരിക്കുന്നത്. തീവ്ര ദേശീയ വിഭാഗം നേതാവ് വ്ളാഡിമിര്‍ ഷിറിനോവ്സ്കി, പ്രമുഖ വ്യാപാരിയും സ്വതന്ത്രസ്ഥാനാര്‍ഥിയുമായ മിഖയേല്‍ പ്രൊഖൊറൊവ്, മുന്‍ ഉപരിസഭ സ്പീക്കര്‍ സെര്‍ജി മിറനോവ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
2000 മുതല്‍ 2008 വരെ പ്രസിഡന്‍റായിരുന്ന പുടിന്‍ തുടര്‍ച്ചയായി മൂന്നുതവണ മത്സരിക്കുന്നതിനുള്ള ഭരണഘടനാപരമായ വിലക്കിനെത്തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നു. ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ പുടിന്‍റെ യുനൈറ്റഡ് റഷ്യ പാര്‍ട്ടി ക്രമക്കേടിലൂടെ അധികാരത്തിലെത്തിയെന്നാണ് ആരോപണം. ഇതിനെതിരേ വൈറ്റ് റിബ്ബണ്‍ പ്രക്ഷോഭം എന്ന പേരില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തിരുന്നു. അതേസമയം പുടിനെ അനുകൂലിച്ചും വന്‍ പ്രകടനങ്ങള്‍ ഉണ്ടായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ആഭ്യന്തരമന്ത്രാലയം 6000 പൊലീസുകാരെ മോസ്കൊയില്‍ വിന്യസിച്ചു. 250 അംഗങ്ങളടങ്ങുന്ന പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷണസമിതിയും രംഗത്തുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല