![](https://www.nrimalayalee.com/wp-content/uploads/2022/03/Putin-Girl-Friend-Switzerland-.jpg)
സ്വന്തം ലേഖകൻ: യുക്രൈനുമേൽ റഷ്യ നടത്തുന്ന അധിനിവേശം യൂറോപ്പിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കനത്ത ഉപരോധമാണ് റഷ്യക്കുമേൽ യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ 69 കാരനായ പുടിൻ തന്റെ കാമുകിയേയും കുഞ്ഞുങ്ങളേയും സ്വിറ്റ്സർലൻഡിൽ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുകയാണ്.
യുക്രൈനിലെ സാധാരണ ജനങ്ങളെ ആക്രമിക്കുകയും അഭയാർത്ഥി പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്ന പുടിൻ അദ്ദേഹത്തിന്റെ കുടുംബത്തെ സ്വിറ്റ്‌സർലൻഡിൽ എവിടെയോ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണെന്ന് ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
മുപ്പത്തിയെട്ടുകാരിയാണ് പുടിന്റെ കാമുകിയെന്ന് കരുതപ്പെടുന്ന അലീന കുബേവ. ഒളിമ്പിക്സിൽ പങ്കെടുത്ത് സ്വർണമെഡൽ വാങ്ങിയിട്ടുള്ള ജിംനാസ്റ്റിക് താരമാണ് അലീന. പുടിന്റെ കാമുകിയെന്ന് കരുതപ്പെടുന്ന അലീന റഷ്യയിൽ പ്രശസ്തയാണ്. റഷ്യയുടെ പ്രഥമ രഹസ്യവനിത എന്നാണ് അലീന വിശേഷിപ്പിക്കപ്പെടുന്നത്.
റഷ്യയിൽ ഒളിമ്പിക്സിൽ പങ്കെടുത്തു എന്നുള്ളത് പ്രശസ്തിക്ക് മാനദണ്ഡമല്ല. പക്ഷേ കായിക രംഗത്തു നിന്നും വിരമിച്ച അലീന നോട്ടമിട്ടത് രാഷ്ട്രീയ മേഖലയാണ്. ആ ശ്രമത്തിന്റെ ഭാഗമായി 2007 മുതൽ 2014 വരെ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ പ്രതിനിധിയായി അലീന പാർലമെന്റിലെത്തി. ഇക്കാലയളവിൽ വിവാദമായ നിരവധി ബില്ലുകൾക്ക് അനുകൂലമായി അവർ വോട്ട് ചെയ്തിട്ടുണ്ട്.
പാർലമെന്റിലെത്തിയതിനു പിന്നാലെ 2008ൽ അലീന പുടിനുമായി അടുത്തുവെന്നാണ് കരുതപ്പെടുന്നത്. അന്ന് 56 വയസുകാരനായിരുന്നു പുടിന്. റഷ്യയിലെ ഒരു പത്രം ഇരുവരും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്തതോടെയാണ് അലീന റഷ്യയിൽ താരമായത്.
അലീനയുമായി അടുക്കുന്ന കാലത്ത് പുടിന് ഭാര്യയും യുവതികളായ രണ്ട് മക്കളും ഉണ്ടായിരുന്നു. അഞ്ച് വർഷത്തിനു ശേഷം ഭാര്യ ല്യൂദ്മില്ലയുമായുള്ള ബന്ധം പുടിൻ വേർപെടുത്തി. എങ്കിലും അലീനയെ വിവാഹം കഴിക്കാൻ ഇതുവരെ പുടിൻ തയ്യാറായിട്ടില്ല. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും അഭ്യൂഹമുണ്ട്.
2015 ഫെബ്രുവരിയിൽ സ്വിറ്റ്‌സർലൻഡിൽ വെച്ച് ഇരുവർക്കും ഇരട്ട പെൺകുട്ടികൾ പിറന്നതായാണ് റിപ്പോർട്ട്. ഇവരെ കൂടാതെ രണ്ട് ആൺകുട്ടികൾ കൂടെ ഇരുവർക്കും ഉള്ളതായി പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല