1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2023

സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി ക്രെംലിന്‍. പുതിന്‍ സുഖമായിരിക്കുന്നുവെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പുതിന്‍ പൊതുവേദികളില്‍ അപരനെ വച്ചെന്ന ആരോപണവും അദ്ദേഹം തള്ളി.

പുതിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് റഷ്യന്‍ ടെലിഗ്രാം ചാനലായ ‘ജനറല്‍ എസ്.വി.ആര്‍.’ നേരത്തേ പുറത്തുവിട്ടിരുന്നു. ഇത് പിന്നീട് പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഞായറാഴ്ച രാത്രിയോടെ പുതിന് ഹൃദയാഘാതം സംഭവിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ക്രെംലിനില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ളതാണ് ഈ ടെലഗ്രാം ചാനല്‍.

പുതിനെ രാത്രി ഒന്‍പത് മണിയോടെ കിടപ്പുമുറിയില്‍ വീണുകിടക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. പുതിന്‍ മേശയില്‍ തട്ടി വീണതിനെത്തുടര്‍ന്ന് പാത്രങ്ങള്‍ തെറിച്ചുവീണു. അതോടെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാര്‍ പുതിനെ നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

71-കാരനായ പുതിന് അര്‍ബുദം, പാര്‍ക്കിന്‍സണ്‍ എന്നീ രോഗങ്ങളുണ്ടെന്ന തരത്തില്‍ കഴിഞ്ഞവര്‍ഷം മുതല്‍ അഭ്യൂഹങ്ങളുണ്ട്. പൊതുവേദികളില്‍ അനാരോഗ്യവാനായി പുതിനെ കാണപ്പെടുക കൂടി ചെയ്തതോടെ ഇത്തരത്തിലുള്ള അഭ്യൂഹം ശക്തമായി.

എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ക്രെംലിന്‍. പുതിന്‍ അതീവ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് ക്രെംലിന്‍ നല്‍കുന്ന വിശദീകരണം. പുതിന്‍ അപരനെ വയ്ക്കുന്നുവെന്ന പ്രചാരണവും ദീര്‍ഘനാളായി നിലനില്‍ക്കുന്നുണ്ട്. 2020-ല്‍ ഒരഭിമുഖത്തില്‍ പുതിന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.